| Wednesday, 22nd July 2020, 5:08 pm

'പാലത്തായി കേസ് അട്ടിമറിക്ക് പിന്നില്‍ എസ്.ഡി.പി.ഐ', ആരോപണവുമായി എസ്.കെ.എസ്.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാലത്തായി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ എസ്.ഡി.പി.ഐ എന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്.

കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ അവസരമുണ്ടാക്കിയത് എസ്.ഡി.പി.ഐ ആണെന്ന് എസ്. കെ.എസ്.എസ്.എഫ് ആരോപിച്ചു. ഒപ്പം സാമൂഹിക പ്രശ്‌നങ്ങളില്‍ അവിവേകപരമായും സംഘടനാ സ്വാര്‍ത്ഥതയ്ക്കും വേണ്ടിയാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നതെന്നും സെക്രട്ടറിയേറ്റ് യോഗത്തില്‍ ആരോപിച്ചു.

‘ വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ അവിവേകപരമായും സംഘടനാ സ്വാര്‍ത്ഥതക്കും വേണ്ടി സമുദായത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തണം. എന്‍.ഡി.എഫ് രൂപീകരണം മുതല്‍ അവരുടെ ഓരോ നീക്കങ്ങളും മുസ്‌ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്നതും വര്‍ഗീയ ശക്തികള്‍ക്ക് കരുത്ത് പകരുന്നതും മാത്രമാണ്, ഹിന്ദുത്വ ഫാസിസ്റ്റുകളെ പ്രതിരോധിക്കാനെന്ന വ്യാജേന മുസ്‌ലിങ്ങളുടെ സംരക്ഷകരായി രംഗത്തു വരുന്ന എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മത ധ്രുവീകരണത്തിന് മാത്രം സഹായകമാവുന്നതാണ്,’ എസ്.കെ.എസ്.എസ്.എഫ് യോഗത്തില്‍ പറഞ്ഞു.

പാലത്തായി നടന്ന ദാരുണമായ സംഭവത്തില്‍ പോലും കേസിലെ പ്രതിയായ ബി.ജെ.പി നേതാവിന് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കിയെന്നത് ഇവരുടെ മനുഷ്യത്വ വിരുദ്ധതയുടെ ഉദാഹരണമാണ്. സമൂഹത്തില്‍ വളര്‍ന്ന് വരുന്ന സാമൂഹിക വിരുദ്ധവും നിയമ വിരുദ്ധവുമായ ഇത്തരം ചെയ്തികളെ സംഘടന തുറന്ന് കാണിക്കുന്നത് തന്നെ ചെയ്യുമെന്നും യോഗത്തില്‍ പറഞ്ഞു. തുടര്‍ന്നും ഇത്തരം സംഘടനകളുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്ന് കാണിച്ച് മുന്നോട്ട് പോവാന്‍ യോഗം തീരുമാനിച്ചു.

പാലത്തായിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ശഹീര്‍ പാപ്പിനിശേരി, ഡോ.കെടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more