തിരുവനന്തപുരം: ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ നമസ്‌കാര പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ്. കെ.എസ്. ഹരിഹരനെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
സമസ്താ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം സി.പി.ഐ.എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിക്കിടെ വേദിയില്‍ നമസ്‌കരിച്ചതിനെ കെ.എസ്. ഹരിഹരന്‍ പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് എസ്.കെ.എസ്.എസ്.എഫ് ഇപ്പോള്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ഉമര്‍ ഫൈസി മുക്കം വേദിയില്‍ നമസ്‌കരിച്ചതിനെ പരിഹസിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ ആകില്ലെന്നും ഇത് അപലപനീയമാണെന്നും എസ്.കെ.എസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സാമൂഹിക സത്വങ്ങൾ പൊതുസമൂഹം പരിചയപ്പെടുന്നത് അംഗീകരിക്കാന്‍ പോലും സാധിക്കാത്ത നാസ്തിക ചിന്തയാണ് ഇത്തരം പ്രസ്താവനയിലേക്ക് ഹരിഹരനെ നയിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.
കെ.എസ്. ഹരിഹരനെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഉമര്‍ ഫൈസിക്കെതിരെ കെ.എസ്. ഹരിഹരന്‍ നടത്തിയ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഈ സാഹചര്യത്തില്‍ കൂടെയാണ് തിരുത്തല്‍ ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് രംഗത്തെത്തിയത്.
Content Highlight: SKSSF against KS Hariharan