| Saturday, 15th January 2022, 9:17 pm

അവര്‍ ഇനി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായിരിക്കില്ല; നിലപാട് കടുപ്പിച്ച് കര്‍ഷകനേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കര്‍ഷക നേതാക്കള്‍ ഇനി മുതല്‍ തങ്ങളുടെ ഭാഗമായിരിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം). വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കര്‍ഷകരോ കര്‍ഷകസംഘടനകളോ നേരിട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്  ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എസ്.കെ.എം നേതാക്കള്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കര്‍ഷക നേതാക്കളോ കര്‍ഷക സംഘടനകളോ ഇനി മുതല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായിരിക്കില്ല. അവരുമായി മറ്റു തരത്തിലുള്ള ബന്ധങ്ങള്‍ തുടരുന്നതിനെ കുറിച്ച് എസ്.കെ.എമ്മിന്റെ തുടര്‍ന്നുള്ള യോഗങ്ങളില്‍ തീരുമാനിക്കും,’ എസ്.കെ.എം നേതാവായ യുദ്ധ്‌വീര്‍ സിംഗ് പറയുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചക്ക് അവരുമായി ഒന്നും തന്നെ ചെയ്യാനില്ല എന്നായിരുന്നു കര്‍ഷകനേതാവായ ജോഗീന്ദര്‍ സിംഗ് ഉഗ്രന്‍ പറഞ്ഞത്.

Sanyukt Samaj Morcha leader Balbir Singh Rajewal

കര്‍ഷകസമരത്തിന്റെ മുഖമായി മാറിയ കര്‍ഷക നേതാവ് രാകേഷ് ടികായത് താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ നേതാക്കളോ തന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉപയോഗിക്കരുതെന്നും ടികായത് പറഞ്ഞിരുന്നു.

‘ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കന്‍ ആഗ്രഹിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കരുത്,’ എന്നായിരുന്നു ടികായത് പറഞ്ഞത്.

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനേതാക്കളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലാണ് കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കളംമാറ്റി ചവിട്ടാനിറങ്ങുന്നത്.

നേരത്തെ സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രമുഖ നേതാക്കളായ ഗുര്‍നാം സിംഗ് ചൗധരിയും ബാബിര്‍ സിംഗ് രജ്‌വാളും രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. പഞ്ചാബില്‍ നിന്നുമുള്ള കര്‍ഷകരെ കൂട്ടിയിണക്കി പ്രതിഷേധം നയിച്ചിരുന്നവരില്‍ പ്രധാനികളായിരുന്നു ഇരുവരും.

ബാബിര്‍ സിംഗ് രജ്‌വാള്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സംയുക്ത സമാജ് മോര്‍ച്ച എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. പഞ്ചാബില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ബാബിര്‍ സിംഗ് രജ്‌വാള്‍ അറിയിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ പഞ്ചാബ് രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായി മാറാനാണ് രജ്‌വാളും എസ്.എസ്. എമ്മും ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: SKM says farmer unions contesting Punjab Assembly polls no longer part of it

We use cookies to give you the best possible experience. Learn more