പ്രക്ഷോഭം ശക്തം; കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്
farmer protests
പ്രക്ഷോഭം ശക്തം; കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th September 2021, 6:40 pm

 

ലഖ്‌നൗ: കര്‍ണാലില്‍ പ്രതിഷേധം സംഘടിപ്പിച്ച കര്‍ഷക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ഭരണകൂടവുമായുള്ള ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ പൊലിസ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധങ്ങളുടെ ഭാഗമായി കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് തടയുകയും രാകേഷ് ടികായത് ഉള്‍പ്പടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കര്‍ഷക നേതാവ് യോഗേന്ദ്ര യാദവ് കര്‍ണാല്‍ ഭരണകൂടവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്നും രാകേഷ് ടികായത്തിനൊപ്പം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ എല്ലാ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തതായും അറിയിച്ചു.

കര്‍ണാലിലെ ജില്ലാ ആസ്ഥാനത്തിന് മുന്നില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കാന്‍ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചതോടെയാണ് കര്‍ഷക നേതാക്കളെ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്താന്‍ ക്ഷണിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുതിര്‍ന്ന നേതാക്കളായ രാകേഷ് ടികായത്, ബര്‍ല്‍ബീര്‍ സിംഗ് രജ്‌വാള്‍, ദര്‍ശന്‍ പാല്‍, യോഗേന്ദ്ര യാദവ്, ഗുര്‍നാം സിംഗ് ചൗധരി തുടങ്ങിയ നേതാക്കളാണ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. ആഗസ്റ്റ് 28ന് കര്‍ഷകര്‍ക്ക് മേല്‍ നരനായാട്ട് നടത്തിയ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇവര്‍ പ്രധാനമായും മുന്നോട്ട് വെച്ചത്. എന്നാല്‍ അനുകൂലമായ പ്രതികരണം ലഭിക്കാത്തതിനാലാണ് പുതിയ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

മൂന്ന് തവണ സംസാരിച്ചതിന് ശേഷവും ജില്ലാ ഭരണകൂടവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടുവെന്ന് ബല്‍ബീര്‍ സിംഗ് രജ്‌വാള്‍ പറഞ്ഞു. കര്‍ഷകര്‍ ഒരു പൊലീസ് ബാരിക്കേഡുകള്‍ പോലും തകര്‍ക്കില്ലെന്നും എന്നാല്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ഒരു തരത്തിലും ക്രമസമാധാനം ലംഘിക്കില്ലെന്നും പോലീസ് അവരെ തടയാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ അറസ്റ്റ് വരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.എം ആയുഷ് സിന്‍ഹയുടെ നടപടികള്‍ യഥാര്‍ത്ഥത്തില്‍ പൊലീസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കാന്‍ കര്‍ണാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടതായും രാജേവാള്‍ കൂട്ടിച്ചേര്‍ത്തു.

ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കര്‍ണാല്‍, കുരുക്ഷേത്ര, കൈതല്‍, ജിന്ദ്, പാനിപ്പത്ത് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഹരിയാന സര്‍ക്കാര്‍ ചൊവ്വാഴ്ച നിര്‍ത്തി വെച്ചിരുന്നു.

കേന്ദ്ര സായുധ പൊലീസ് സേനയുടെ (സി.എ.പി.എഫ്) 10 ബറ്റാലിയന്‍ ഉള്‍പ്പെടെ 40 ബറ്റാലിയന്‍ സുരക്ഷാ സേനയെ നഗരത്തിലെന്നാകെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളാകുന്നതിനെ തുടര്‍ന്ന് കര്‍ണാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടണ്ട്.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 27ന് ഭാരത് ബന്ദിനും കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ആര്‍.എല്‍.ഡിയും എസ്.പിയും രംഗത്തുണ്ട്. സമരപരിപാടികളില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും, കര്‍ഷകര്‍ക്കായി ‘ലങ്കാര്‍’ എന്ന പേരില്‍ സമൂഹ അടുക്കള ഒരുക്കിയാണ് പാര്‍ട്ടികള്‍ കര്‍ഷകസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ പാര്‍ട്ടി ഓഫീസ് സമൂഹ അടുക്കളയ്ക്കായി വിട്ടു നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: SKM Leaders Arrested