ന്യൂദൽഹി: കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് കർഷക സമരത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ തിരിച്ച് കൊണ്ടുവരാനുള്ള നീക്കമാണെന്നും അതിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിക്കുമെന്നും പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച.
കർഷക സമരത്തെത്തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങളും, കാർഷിക മേഖലയിൽ കോർപ്പറേറ്റുകളുടെ നിയന്ത്രണവും പിൻവാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും കിസാൻ യൂണിയൻ ആരോപിച്ചു.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുള്ള വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങളിൽ സ്വകാര്യ, പൊതു നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നേരത്തെ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് കർഷക സംഘടങ്ങൾ വിലയിരുത്തുന്നു.
അതേസമയം കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റിനെ തുടർച്ചയായ പത്താമത്തെ കർഷക വിരുദ്ധ ബജറ്റ് എന്ന് അഖിലേന്ത്യ കിസാൻ സഭ (എ.ഐ.കെ.എസ്) വിമർശിച്ചു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും, കാർഷിക മേഖലയ്ക്കും 2024-25 ലെ ബജറ്റ് കാര്യമായ ഒന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും അവർ ആരോപിച്ചു.
ബജറ്റിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ഫെബ്രുവരി 16 ന് ‘ഗ്രാമീൺ ഭാരത് ബന്ദ്’ ആയി ആചരിക്കാൻ എല്ലാ യൂണിറ്റുകളോടും കർഷക സംഘടന ആഹ്വാനം ചെയ്തു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2024-25 ലെ ഇടക്കാല ബജറ്റിനെ നൂതനവും എല്ലാവരെയും ഉൾകൊള്ളുന്ന ബജറ്റുമാണെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അവർ ഒരു വ്യാജമായ നരേറ്റിവ് സൃഷ്ടിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഏറ്റവും കുറവ് തുക ചെലവഴിച്ചത് 2023-24, 2024-25 എന്നീ വർഷങ്ങളിലെ ബജറ്റുകളിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന വർഷമായിട്ട് പോലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും ഉപകാരപ്രദമായ ഒന്നും ഈ ബജറ്റിൽ വാഗ്ദാനം ചെയ്തിട്ടില്ല. തുടർച്ചയായ പത്താമത്തെ കർഷക വിരുദ്ധ, ജനവിരുദ്ധ ബജറ്റാണിത്,’കിസാൻ യൂണിയൻ പറഞ്ഞു.
2022-23 നെ അപേക്ഷിച്ച് 2024-25 ബജറ്റിൽ കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായുള്ള 81 ആയിരം കോടി രൂപയുടെ വിഹിതം വെട്ടിക്കുറച്ചതായി എ.ഐ.കെ.എസ് ആരോപിച്ചു.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഗ്രാമീണ വികസനം, എം.ജി.എൻ.ആർ.ഇ.ജി.എ, ഗ്രാമീണ തൊഴിൽ, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന, സഹകരണം, ഭക്ഷ്യ സംഭരണം, തോട്ടങ്ങൾ, വിളപരിപാലനം, വെള്ളപ്പൊക്കം, ഡ്രെയിനേജ്, ഭൂപരിഷ്‌കരണം, വളം സബ്‌സിഡി, ഭക്ഷ്യ സബ്‌സിഡി, ക്ഷീര വികസനം, മണ്ണ്-ജല സംരക്ഷണം, ജലസേചനം, പോഷകാഹാരം, ഗ്രാമീണ റോഡുകൾ, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം. എന്നിവക്ക് അർഹമായ വിഹിതത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.
Content Highlight: SKM accuses Centre of trying to bring farm laws through ‘back entry,’ vows to burn budget copies