മൂന്ന് മത്സരത്തില്‍ നാല് റണ്‍സും ഒപ്പം എട്ടിന്റെ പണിയും; നായകനില്ലാത്ത അവസ്ഥയില്‍ ഇടിവെട്ടേറ്റ് ഇംഗ്ലണ്ട്
Sports News
മൂന്ന് മത്സരത്തില്‍ നാല് റണ്‍സും ഒപ്പം എട്ടിന്റെ പണിയും; നായകനില്ലാത്ത അവസ്ഥയില്‍ ഇടിവെട്ടേറ്റ് ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th August 2024, 9:32 pm

നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ വലഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട്. ദി ഹണ്‍ഡ്രഡില്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരെ ബാറ്റ് ചെയ്യവെയാണ് നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് താരം സ്റ്റോക്‌സിന് പരിക്കേറ്റത്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെയാണ് ഹാംസ്ട്രിങ് ഇന്‍ജുറിക്ക് പിന്നാലെ സ്റ്റോക്‌സ് കളം വിട്ടത്. ഇതോടെ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുകയാണ്.

 

ടൂര്‍ണമെന്റ് നഷ്ടപ്പെടുന്നതിനേക്കാളേറെ ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയും താരത്തിന് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഓഗസ്റ്റ് 21നാണ് ലങ്കയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമല്ല സ്റ്റോക്‌സ് പുറത്തെടുത്തത്. അവസാനം കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും വെറും നാല് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ബെര്‍മിങ്ഹാം ഫീനിക്‌സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ വെല്‍ഷ് ഫയറിനെതിരെ നാല് പന്തില്‍ രണ്ട് റണ്‍സിനും പുറത്തായി. ഒറിജിനല്‍സിനെതിരെ നാല് പന്തില്‍ രണ്ട് റണ്‍സുമായി നില്‍ക്കവെയാണ് സ്റ്റോക്‌സ് പരിക്കേറ്റ് മടങ്ങിയത്.

ബൗളിങ്ങിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഫീനിക്‌സിനെതിരെ 17 റണ്‍സ് വഴങ്ങിയപ്പോള്‍ ഫയറിനെതിരെ മൂന്നും ഒറിജിനല്‍സിനെതിരെ 29 റണ്‍സുമാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.

മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കാണ് ലങ്ക ഇംഗ്ലണ്ടിലെത്തുന്നത്. ഓഗസ്റ്റ് 21നാണ് പരമ്പരയിലെ ആദ്യ മത്സരം. ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം

ആദ്യ മത്സരം – ഓഗസ്റ്റ് 21-25, ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്, മാഞ്ചസ്റ്റര്‍

രണ്ടാം മത്സരം – ഓഗസ്റ്റ് 29- സെപ്റ്റംബര്‍ 2, ലോര്‍ഡ്‌സ്

മൂന്നാം മത്സരം- സെപ്റ്റംബര്‍ 6-10, ദി ഓവല്‍, ലണ്ടന്‍

ഇതിന് മുമ്പ് നടന്ന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസം കൈമുതലായി ഉണ്ടെങ്കിലും ക്യാപ്റ്റന്റെ പരിക്ക് ഇംഗ്ലണ്ടിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിന്‍ഡീസിനെതിരെ നടന്ന മത്സരം 3-0ന് ക്ലീന്‍ സ്വീപ് ചെയ്താണ് ഇംഗ്ലണ്ട് വിജയിച്ചത്.

 

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഇംഗ്ലണ്ട്. നാലാമതുള്ള ശ്രീലങ്കക്കെതിരെ പരമ്പര സ്വന്തമാക്കി പട്ടികയില്‍ മുന്നേറാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.

 

Content highlight: Skipper Ben Stokes’ injury is a concern for England ahead of the Test series against Sri Lanka