| Sunday, 3rd May 2015, 1:41 pm

ത്വക്കിലെ കാന്‍സര്‍ ; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ത്വക്കിലെ കാന്‍സര്‍ തടയുക എന്നത് സണ്‍സ്‌ക്രീന്‍ ധരിക്കുന്ന അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവം, കുടുംബ പാരമ്പര്യം, വര്‍ഷങ്ങളോളം തുടര്‍ന്നു വരുന്ന ജീവിത രീതി എന്നിവയെല്ലാം ത്വക്കിലെ കാന്‍സറിന് കാരണമായി വരാവുന്നതാണ്. ഇവിടെയിതാ ത്വക്കിലെ കാന്‍സറിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

ഇരുണ്ട നിറമുള്ളവരാണെങ്കില്‍

മെലാനൊമയ്ക്ക് ( ത്വക്ക് കാന്‍സര്‍ ) ചര്‍മ്മത്തിന്റെ നിറത്തിന്റെ കാര്യത്തില്‍ അങ്ങനെ വ്യത്യാസമൊന്നുമില്ല. കറുത്ത നിറത്തിലുള്ള ചര്‍മ്മത്തില്‍ മെലാനിന്‍ നല്‍കുന്ന സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍(എസ്.പി.എഫ്) 13.4 ആണ് അതേസമയം വെളുത്ത ചര്‍മ്മമുള്ളവരില്‍ ഇത് 3.4 ആണ്. യഥാര്‍ത്ഥത്തില്‍ ഒരാളുടെ ചര്‍മ്മത്തില്‍ എസ്പി.എഫ് 15 ആവണമെന്നാണ്.

ഇരുണ്ട നിറമുള്ളവരില്‍ ത്വക്ക് കാന്‍സറിനുള്ള സാധ്യത താരതമ്യേന കുറവാണെങ്കിലും വെളുത്തവരെ അപേക്ഷിച്ച് (93%) അവരുടെ അഞ്ച് വര്‍ഷത്തെ അതിജീവന തോത് 75 ശതമാനം മാത്രമാണ്.

ഇരുണ്ട ചര്‍മ്മമുള്ളവര്‍ക്ക് ത്വക്ക് കാന്‍സര്‍ ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍മാരടക്കം നിരവധി ആളുകള്‍ വിശ്വസിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഇവരില്‍ ഏറെ മോശം അവസ്ഥയിലെത്തിയ ശേഷം മാത്രമാണ് പലപ്പോഴും ത്വക്ക് കാന്‍സര്‍ കണ്ടെത്തുന്നത്.

നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ത്വക്ക് കാന്‍സര്‍ ഉണ്ടെങ്കില്‍

നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവിന്- അതായത് മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍- തുടങ്ങിയവരില്‍ ത്വക്ക് രോഗം ഉണ്ടെങ്കില്‍  നിങ്ങള്‍ക്ക് അത് ഉണ്ടാവാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്ന് ത്വക്ക് രോഗ വിദഗ്ദയും സ്‌കിന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ വക്താവുമായ ജനിഫര്‍ ലിന്‍ഡര്‍ പറയുന്നു.

ഇത്തരത്തിലുള്ള ആളുകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തണമെന്നാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കാറുള്ളത്. പ്രായ പൂര്‍ത്തിയായവര്‍ ആറ് മാസം കൂടുമ്പോഴെങ്കിലും പരിശോധന നടത്തേണ്ടതാണ്.

എപ്പോഴെങ്കിലും ഇന്‍ഡോര്‍ ടാന്‍ ചെയ്തിട്ടുണ്ടെങ്കില്‍

സൂര്യ പ്രകാശത്തിന് സമാനമായ രീതിയില്‍ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന ഉപകരണമാണ് ടാനിങ് ബെഡ്. ലോകത്തില്‍ 419,000 അധികം ത്വക്ക് രോഗ സംഭവങ്ങളും ഉണ്ടാവുന്ന അമേരിക്കയില്‍ പലരും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ത്വക്ക് കാന്‍സറുമായി ഇതിന് ബന്ധമുണ്ട്. മുമ്പെപ്പോഴെങ്കിലും നിങ്ങള്‍ ടാനിങ് ബെഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍( ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെങ്കിലും) അക്കാര്യം നിങ്ങള്‍ ത്വക്ക് രോഗ വിദഗ്ദരോട് തുറന്ന് പറയുക.

നിങ്ങളുടെ ശരീരത്തില്‍ ധാരാളം മറുകുകള്‍ഉണ്ടെങ്കില്‍

ശരീരത്തില്‍ കറുത്ത മറുകുകള്‍ എണ്ണം കൂടുതലാണെങ്കില്‍ ത്വക്ക് കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. ഒട്ടുമിക്ക ത്വക്ക് കാന്‍സറുകളുടേയും തുടക്കം ഇത്തരം കാക്കാ പുള്ളികളില്‍ നിന്നാണ്.

രണ്ടുതരം മറുകുകള്‍ ഉണ്ട്. ഒന്ന് ചെറിയ കറുത്ത പുള്ളികള്‍. രണ്ടാമത്തേത് തരതമ്യേന നിറം വച്ച് പ്രത്യേക രൂപത്തിലായത്. ഇതിനെ അസാധാരാണ മറുകുകള്‍ (Atypical moles) എന്നാണ് വിളിക്കാറ്.  ഡിസ്പ്ലാസ്റ്റിക് നെവി എന്നും ഇതിനെ വിളിക്കാറുണ്ട്. ത്വക്ക് കാന്‍സറുണ്ടാവാന്‍ 12 മടങ്ങ് സാധ്യതയാണിതിനുള്ളത്.

വെളുത്ത ചര്‍മ്മമാണ് നിങ്ങള്‍ക്കെങ്കില്‍

വെളുത്ത ചര്‍മ്മവും, തെളിഞ്ഞ കണ്ണുകളും, ഇളം നിറത്തിലുള്ള മുടി എന്നിവയുള്ളവരില്‍ സംരക്ഷണ നിറമായ മെലാനിന്‍ കുറവും സൂര്യാഘാതമേല്‍ക്കാനും  അതോടൊപ്പം മറുകുകള്‍ ഉണ്ടാകാനും സാധ്യതയേറെയുമാണ്.

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പത്ത് വയസ്സിന് താഴെയുള്ള വെളുത്ത കുട്ടികളില്‍ നീല നിറത്തിലുള്ള കണ്ണുകള്‍ക്ക് വേണ്ട ജീന്‍ ഉള്ളവരില്‍ മറുകുകളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. അതുപോലെ ചുവന്ന(ചെമ്പന്‍) മുടിക്കും നീല കണ്ണുകള്‍ക്കുമുള്ള ജീനുകളുള്ളവരില്‍ സൂര്യാഘാതത്തിന് ശേഷം വലിയ മറുകുകള്‍ രൂപപ്പെടുവാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ ഇടയ്ക്കിടെ സൂര്യാഘാതമേറ്റിട്ടുണ്ടെങ്കില്‍

നിങ്ങള്‍ക്ക് സൂര്യാഘാതം ഏറ്റിട്ടുണ്ടെങ്കില്‍ ത്വക്ക് കാന്‍സറിനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷണത്തിനായുള്ള വഴികള്‍ സ്വീകരിക്കേണ്ടതാണ്. സണ്‍സ്‌ക്രീന്‍ ദിവസേന ധിരിക്കുക. സൂര്യപ്രകാശവുമായുണ്ടാവുന്ന അമിത ഇടപെടല്‍ കാന്‍സറിനു കാരണമാവുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ജീവിത രീതിയിലുണ്ടാകുന്ന മാറ്റം ഏറെ ഗുണകരമാകും.

Latest Stories

We use cookies to give you the best possible experience. Learn more