108 കുട്ടികള്‍ മരണപ്പെട്ട മുസാഫിര്‍പൂരിലെ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിനുള്ളില്‍ അസ്ഥിക്കൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും; അന്വേഷണം തുടങ്ങി
India
108 കുട്ടികള്‍ മരണപ്പെട്ട മുസാഫിര്‍പൂരിലെ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിനുള്ളില്‍ അസ്ഥിക്കൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും; അന്വേഷണം തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2019, 3:24 pm

പറ്റ്‌ന: ബീഹാറിലെ മുസാഫര്‍പൂറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ നിന്നും അസ്ഥിക്കൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത് വിവാദമാകുന്നു.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തും മുസാഫിര്‍പൂരിലെ എസ്.കെ.എം സി.എച്ച് ആശുപത്രി പരിഹസരത്തുമാണ് എല്ലുകളും അസ്ഥികൂടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അസ്ഥികൂടങ്ങള്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റുകള്‍ കൃത്യമായി നീക്കം ചെയ്യേണ്ടായിരുന്നെന്നും അല്പം കൂടി മാനുഷികസമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നെന്നും എസ്.കെ.എം.സി.എച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അസ്ഥികൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയ ആശുപത്രി കോമ്പൗണ്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആശുപത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ വിവാദവും. 140 കുട്ടികളാണ് ബീഹാറില്‍ മാത്രം മസ്തിഷ്‌കജ്വരം ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.