|

എവിടെ ക്യാമറ വെച്ചാലും മോഹന്‍ലാല്‍ സാര്‍ കറക്ട് പൊസിഷനില്‍ വന്നു നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു: എസ്.ജെ. സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയം, സംവിധാനം എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് എസ്.ജെ. സൂര്യ. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച അദ്ദേഹം 1999ല്‍ അജിത്തിനെ നായകനാക്കിയെടുത്ത വാലിയിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

പിന്നീട് മികച്ച സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു. സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവില്‍ പെര്‍ഫോമര്‍ എന്ന നിലയില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന എസ്.ജെ. സൂര്യയെയാണ് പിന്നീട് കണ്ടത്.

ഏത് വേഷം ലഭിച്ചാലും മികച്ച അഭിനയം കാഴ്ച്ചവെക്കുന്നതിലൂടെ അഭിനയ രാക്ഷസന്‍ എന്ന ഖ്യാതി നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ ഒരു നല്ല അഭിനേതാവ് എങ്ങനെയാകണമെന്ന് പറയുകയാണ് എസ്.ജെ. സൂര്യ.

ഒരു നല്ല അഭിനേതാവ് അഭിനയത്തിന് പുറമെ നല്ല ടെക്‌നീഷ്യന്‍ കൂടി ആയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം പ്രശസ്ത ക്യാമറാമാനായ തിരു മോഹന്‍ലാലിനെ കുറിച്ച് തന്നോട് സംസാരിച്ചതിനെ കുറിച്ചും എസ്.ജെ. സൂര്യ പറയുന്നു.

‘ഒരു അഭിനേതാവിന് ആംഗിള്‍ അറിയണം. ലെന്‍സിങ് അറിയണം. പൊസിഷനിങ് അറിയണം. മൂഡ് അറിയണം. എഡിറ്റ് ചെയ്ത് വരുമ്പോള്‍ ഒരു ഷോട്ട് കഴിഞ്ഞ് അടുത്തത് ഏതാകുമെന്നും ഒരു അഭിനേതാവിന് അറിയണം.

ഇതൊന്നും ഡയറക്ടര്‍ മാത്രം അറിയേണ്ട കാര്യമല്ല. അഭിനേതാവും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. അഭിനേതാവിന്റെ ഉള്ളില്‍ ഈ ക്വാളിറ്റിയൊക്കെ ഉണ്ടെങ്കില്‍ മാത്രമാണ് ആ വ്യക്തിക്ക് നല്ല അഭിനേതാവായി നില്‍ക്കാന്‍ പറ്റുള്ളൂ.

ആ ക്വാളിറ്റിയുള്ളത് കൊണ്ടാണ് പല സൂപ്പര്‍സ്റ്റാറുകളും കറക്ടായി ചെയ്യുന്നത്. അവരൊക്കെ എപ്പോഴും അഭിനയത്തിന് പുറമെ നല്ല ടെക്‌നീഷ്യന്‍സ് കൂടി ആയിരിക്കും എന്നതാണ് സത്യം. അപ്പോള്‍ മാത്രമാണ് അവര്‍ പൂര്‍ണമായും ഒരു അഭിനേതാവാകുന്നത്.

എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്. ക്യാമറാമാന്‍ തിരു സാര്‍ ഒരിക്കല്‍ ഒരു കാര്യം പറഞ്ഞു. എവിടെ ക്യാമറ വെച്ചാലും മോഹന്‍ലാല്‍ സാര്‍ കറക്ട് പൊസിഷനില്‍ വന്നു നില്‍ക്കും. അത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു,’ എസ്.ജെ. സൂര്യ പറയുന്നു.

Content Highlight: SJ Suryah Talks About  Mohanlal