| Tuesday, 29th October 2024, 8:00 am

ആ സിനിമയുടെ ഡബ്ബിങ്ങിന് ശേഷം എന്റെ ശബ്ദം മൊത്തത്തില്‍ മാറി: എസ്.ജെ. സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് എസ്.ജെ. സൂര്യ. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച എസ്.ജെ. സൂര്യ അജിത്തിനെ നായകനാക്കി 1999ല്‍ റിലീസായ വാലിയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു.

രണ്ടാം വരവില്‍ ഓരോ സിനിമയിലും പെര്‍ഫോമര്‍ എന്ന നിലയില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന എസ്.ജെ. സൂര്യയെയാണ് കാണാന്‍ സാധിക്കുന്നത്. സ്‌പൈഡര്‍, ഇരൈവി, മാനാട്, മാര്‍ക്ക് ആന്റണി തുടങ്ങി ഏറ്റവുമൊടുവില്‍ റിലീസായ രായനിലും എസ്.ജെ. സൂര്യ അത്ഭുതപ്പെടുത്തി. ഓരോ സിനിമയും ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് എസ്.ജെ. സൂര്യ.

മാനാടില്‍ ഹൈപ്പര്‍ടെന്‍ഷനുള്ള ഒരു പൊലീസ് ഓഫീസറിനെയാണ് അവതരിപ്പിച്ചതെന്നും ഡോണില്‍ കുറച്ച് കാം ആയിട്ടുള്ള കഥാപാത്രമാണെന്നും എസ്.ജെ. സൂര്യ പറഞ്ഞു. മാര്‍ക്ക് ആന്റണിയിലേക്ക് എത്തിയപ്പോള്‍ അഴിച്ചുവിട്ടതുപോലയുള്ള കഥാപാത്രമാണെന്നും തമിഴിലും തെലുങ്കിലുമായി 26 ദിവസം ഡബ്ബ് ചെയ്തതെന്നും എസ്.ജെ. സൂര്യ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ ഡബ്ബ് കഴിഞ്ഞപ്പോള്‍ തന്റെ ശബ്ദത്തിന്റെ ടെക്‌സ്ചര്‍ തന്നെ മാറിയെന്നും എസ്.ജെ.എസ്. പറഞ്ഞു. ജിഗര്‍തണ്ടയില്‍ വളരെയധികം ഒതുങ്ങിക്കൂടിയ ടൈപ്പ് കഥാപാത്രമാണെന്നും രായനില്‍ സാഹചര്യത്തിനനുസരിച്ച് മൂഡ് മാറുന്ന കഥാപാത്രമാണെന്നും എസ്.ജെ. സൂര്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പലരും പറയുന്നത് എല്ലാ സിനിമയിലും ഒരേ ടൈപ്പ് അഭിനയമാണെന്നും അതിന്റെ കാരണം തനിക്കറിയില്ലെന്നും എസ്.ജെ. സൂര്യ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവസാനമിറങ്ങിയ പല സിനിമകളും നോക്കിയാല്‍ എന്റെ പെര്‍ഫോമന്‍സ് ഒരുപോലെയാണെന്ന് പലരും പറയുന്നത് കേട്ടു. പക്ഷേ എല്ലാ ക്യാരക്ടേഴ്‌സും വ്യത്യസ്തമാണ്. മാനാടില്‍ നോക്കിയാല്‍ ഹൈപ്പര്‍ടെന്‍ഷനുള്ള സ്റ്റൈലിഷായിട്ടുള്ള പൊലീസ് ഓഫീസറാണ്. എപ്പോഴും അയാള്‍ ടെന്‍സ്ഡ് അല്ല. സാഹചര്യങ്ങളാണ് അയാളെ ഹൈപ്പര്‍ടെന്‍ഷനിലാക്കുന്നത്. ഡോണില്‍ നോക്കിയാല്‍ കുറച്ച് കാം ആയിട്ടുള്ള ഒരു പ്രൊഫസറാണ്. മാര്‍ക്ക് ആന്റണിയില്‍ എന്നെ മൊത്തമായിട്ട് അഴിച്ച് വിടുകയായിരുന്നു.

തമിഴിലും തെലുങ്കിലുമായി 26 ദിവസമായിരുന്നു ആ സിനിമയുടെ ഡബ്ബ്. ആ പടം ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോള്‍ അതെന്റെ തൊണ്ടയെ നന്നായി ബാധിച്ചു. എന്റെ ശബ്ദത്തിന്റെ ടെക്‌സ്ചര്‍ തന്നെ മാറി. അതിന് ശേഷം വന്ന ജിഗര്‍തണ്ടയില്‍ വളരെയധികം ഒതുങ്ങിക്കൂടിയ കഥാപാത്രമാണ്. രായനില്‍ നോക്കിയാല്‍ മൂഡിനനുസരിച്ച് സ്വഭാവം മാറുന്ന ഒരു ഗ്യാങ്‌സ്റ്ററെയാണ് അവതരിപ്പിച്ചത്. പക്ഷേ ഇതെല്ലാം ഒരുപോലെയാണെന്നാണ് പലരും പറയുന്നത്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,’ എസ്.ജെ. സൂര്യ പറഞ്ഞു.

Content Highlight: SJ Suryah saying Mark Antony movie’s dubbing affected his voice

We use cookies to give you the best possible experience. Learn more