| Friday, 9th February 2024, 5:20 pm

'രണ്ട് അഭിനയ രാക്ഷസന്മാര്‍ ഒന്നിക്കുന്നു' ചിയാന്‍ 62ലേക്ക് ആ സര്‍പ്രൈസ് കാസ്റ്റിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിയാന്‍ വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ പ്രശസ്ത നടനും സംവിധായകനുമായ എസ്.ജെ. സൂര്യയും ഒന്നിക്കുന്നു. താത്കാലികമായി ചിയാന്‍ 62 എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ്.യു. അരുണ്‍കുമാറാണ് സംവിധാനം ചെയ്യുന്നത്.

‘പനിയാരും പത്മിനിയും’, ‘സേതുപതി’, ‘സിന്ദുപദ്’, ‘ചിത്ത’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് എസ്.യു. അരുണ്‍കുമാര്‍. ചിയാന്‍ 62ന്റെ അന്നൗണ്‍സ്മെന്റ് വീഡിയോ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിര്‍മാണ കമ്പനിയായ എച്ച്.ആര്‍. പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് നിര്‍മിക്കുന്നത്.

ഏത് വേഷം ലഭിച്ചാലും മികച്ച അഭിനയത്തിലൂടെ അഭിനയ രാക്ഷസന്‍ എന്ന ഖ്യാതി നേടിയെടുത്ത എസ്.ജെ. സൂര്യ തന്റെ കരിയറില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിയാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിയാന്‍ വിക്രമും എസ്.ജെ. സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ‘ചിയാന്‍ 62’. ഇത് ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാലോകത്തും ഏറെ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്.

ചിത്രത്തിന്റെ പുതിയ അപ്ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. പി.ആര്‍.ഒ – പ്രതീഷ് ശേഖര്‍.

Content Highlight: SJ Suryah On Board In Chiyaan62

We use cookies to give you the best possible experience. Learn more