| Tuesday, 20th August 2024, 3:48 pm

ജീവിതത്തില്‍ ഇന്നേവരെ ട്രോളിന് ഇരയാവാത്ത ഞാന്‍ ആ സംഭവത്തിന് ശേഷം ട്രോള്‍ മെറ്റീരിയലായി: എസ്.ജെ സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാഗ്യരാജിന്റെ അസിസ്റ്റന്റായി സിനിമാജീവിതം ആരംഭിച്ച നടനാണ് എസ്.ജെ സൂര്യ. അജിത്തിനെ നായകനാക്കി 1997ല്‍ പുറത്തിറങ്ങിയ വാലിയിലൂടെ സ്വതന്ത്രസംവിധായകനായ എസ്.ജെ സൂര്യ പിന്നീട് ഖുഷി, ഇസൈ, ന്യൂ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ച എസ്.ജെ സൂര്യ ഇന്ന് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ്.

വില്ലന്‍ വേഷങ്ങളില്‍ തന്റേതായ ശൈലിയിലൂടെ ആരാധകരെ ഉണ്ടാക്കിയ നടനാണ് എസ്.ജെ സൂര്യ. മഹേഷ് ബാബു നായകനായ സ്‌പൈഡറിലൂടെയാണ് വില്ലന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് എസ്.ജെ.എസ് തെളിയിച്ചത്. ധനുഷിന്റെ അമ്പതാമത് ചിത്രമായ രായനിലും എസ്.ജെ സൂര്യ തന്നെയായിരുന്നു വില്ലന്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉണ്ടായ ട്രോളിനെക്കുറിച്ച് സംസാരിക്കുയാണ് താരം.

രായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂവിനിടെ അന്‍ബേ ആരുയിരേ എന്ന സിനിമയിലെ പാട്ട് എസ്.ജെ സൂര്യ പാടുകയുണ്ടായി. ആ ഭാഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളിനിരയായി. ജീവിതത്തില്‍ ഇന്നേവരെ ഒരു ട്രോളിനും ഇരയാകാതെ സമാധാനത്തില്‍ ജീവിക്കുകയായിരുന്നു താനെന്നും ആ പാട്ടിന് ശേഷം താനും ട്രോള്‍ മെറ്റീരിയലായി മാറിയെന്നും എസ്.ജെ. സൂര്യ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് എസ്.ജെ സൂര്യ ഇക്കാര്യം പറഞ്ഞത്.

‘ജീവിതത്തില്‍ ഇന്നേവരെ ഒരു ട്രോളിനും ഇരയാകാതെ വളരെ ശ്രദ്ധയോടെ ജീവിച്ച ഒരാളായിരുന്നു ഞാന്‍. ഒരൊറ്റ ഇന്റര്‍വ്യൂ കൊണ്ട് എല്ലാം മാറി. അടുപ്പിച്ച് ഒരുപാട് ഇന്റര്‍വ്യൂ കൊടുത്ത് ഉറക്കത്തിന്റെ അറ്റത്ത് ഇരിക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് എന്നെ നിര്‍ബന്ധിച്ച് പാടിപ്പിച്ചു. രായന്‍ എന്ന സിനിമയെക്കാള്‍ ആ ഇന്റര്‍വ്യൂവില്‍ ഞാന്‍ പാടിയ ഭാഗം ഹിറ്റായി.

ആളുകള്‍ ഓരോ കോണ്‍ടെക്‌സ്റ്റിലും ആ പാട്ട് വെച്ച് ട്രോളും മീമും ഉണ്ടാക്കുകയാണ്. ഇനി കുറച്ച് കാലത്തേക്ക് ഞാന്‍ ട്രോളന്മാരുടെ ഇരയാകുമെന്ന് ഉറപ്പാണ്. ഇത്ര റീച്ച് ആ പാട്ടിന് കിട്ടുമെന്ന് ആ സമയത്ത് ഒട്ടും വിചാരിച്ചില്ല. ഇനി ജീവിതത്തില്‍ എപ്പോഴെങ്കിലും പാടണമെന്ന് തോന്നുമ്പോള്‍ ഈയൊരു സിറ്റുവേഷന്‍ എന്റെ മനസില്‍ വരും,’ എസ്.ജെ സൂര്യ പറഞ്ഞു.

Content Highlight: SJ Surya reacts to the trolls about his singing during Raayan movie Promotion

We use cookies to give you the best possible experience. Learn more