| Saturday, 7th September 2024, 8:19 am

ഖുഷി എന്ന സിനിമ ആ ഭാഷയില്‍ മാത്രം പരാജയമാവാന്‍ കാരണമതാണ്: എസ്.ജെ. സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് എസ്.ജെ. സൂര്യ. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച എസ്.ജെ. സൂര്യ അജിത്തിനെ നായകനാക്കി 1999ല്‍ റിലീസായ വാലിയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു.

രണ്ടാം വരവില്‍ നടന്‍ എന്ന നിലയില്‍ എസ്.ജെ. സൂര്യ ഉയര്‍ന്നുവരുന്നതാണ് കാണാന്‍ സാധിക്കുന്നത്. സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവും സൂപ്പര്‍ ഹിറ്റാക്കാന്‍ എസ്.ജെ. സൂര്യക്ക് സാധിച്ചു. വിജയ്, ജ്യോതിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്.

തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഖുഷി റീമേക്ക് ചെയ്യപ്പെട്ടു. തെലുങ്കില്‍ പവന്‍ കല്യാണ്‍ നായകനായും ഭൂമിക ചൗള നായികയായും എത്തിയപ്പോള്‍ ഹിന്ദിയില്‍ കരീന കപൂര്‍, ഫര്‍ദീന്‍ ഖാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്ന് ഭാഷയിലും സംവിധാനം ചെയ്തത് എസ്.ജെ. സൂര്യ തന്നെയായിരുന്നു. മൂന്ന് ഭാഷയിലും ഖുഷി എന്ന് തന്നെയായിരുന്നു പേര്.

തമിഴിലും തെലുങ്കിലും വന്‍ വിജയമായപ്പോള്‍ ഹിന്ദിയില്‍ ഖുഷി പരാജയം രുചിച്ചു. താന്‍ ചെയ്ത സിനിമകളില്‍ ഇന്നും ആളുകള്‍ ചോദിക്കുന്നത് ഖുഷിയെക്കുറിച്ചാണെന്നും തന്റെ ഇഷ്ട സിനിമകളിലൊന്നാണ് ഖുഷിയെന്നും എസ്.ജെ. സൂര്യ പറഞ്ഞു. തമിഴിലും തെലുങ്കിലും പുതിയ നായികയും മാസ് ഹീറോയുമായിരുന്നുവെന്നും എസ്.ജെ. സൂര്യ പറഞ്ഞു.

ഹിന്ദിയില്‍ നായകന്‍ പുതിയ ആളും നായിക ഓള്‍റെഡി എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ളതുമായിരുന്നുവെന്നും അക്കാരണം കൊണ്ട് ചിത്രം പരാജയപ്പെട്ടുവെന്നും എസ്.ജെ. സൂര്യ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഖുഷി മൂന്ന് ഭാഷയിലും സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ജ്യോതികയാണ്. ഇത് എന്റെ അഭിപ്രായമാണ്. പ്രേക്ഷകരുടെ അഭിപ്രായം വേറെയാണെന്ന് എനിക്ക് പിന്നീട് മനസിലായി. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ട് നടക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി എന്റെയടുത്ത് വന്നു. ഒരുപാട് നേരം സംസാരിച്ച ശേഷം അവര്‍ എന്നോട് പറഞ്ഞു, ‘സാര്‍, ഞാന്‍ മൂന്ന് ഭാഷയിലും ഖുഷി കണ്ടു. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ഭൂമികയുടെ കഥാപാത്രമാണ്,’ പ്രേക്ഷരുടെ ഇഷ്ടം വേറെയാണെന്ന് അപ്പോള്‍ എനിക്ക് മനസിലായി.

കരീന കപൂര്‍ ചെയ്ത ഹിന്ദി വേര്‍ഷനെക്കുറിച്ച് ആരും പറയാത്തത് എന്താണെന്ന് വെച്ചാല്‍ ആ സിനിമ ക്രിട്ടിക്കലായും കൊമേഴ്‌സ്യലായും പരാജയപ്പെട്ട ഒന്നാണ്. അതിന്റെ കാരണം, തമിഴിലും തെലുങ്കിലും മാസ് ഹീറോയും പുതിയ നായികയുമായിരുന്നു. ഹിന്ദിയില്‍ എത്തിയപ്പോള്‍ പുതിയ നായകനും ഓള്‍റെഡി എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള നായികയുമായി. അത് ആളുകള്‍ക്ക് അക്‌സപ്റ്റ് ചെയ്യാന്‍ പാടായിരുന്നു,’ എസ്.ജെ. സൂര്യ പറഞ്ഞു.

Content Highlight: SJ Surya about the failure of Khushi movie’s Hindi remake

We use cookies to give you the best possible experience. Learn more