| Monday, 4th March 2024, 6:49 pm

ആ മോഹൻലാൽ ചിത്രത്തിന്റെ റീ റിലീസ് തീർച്ചയായും പ്രതീക്ഷിക്കാം, നിർമാതാവ് സംസാരിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേവദൂതൻ പിൽക്കാലത്ത് ഇറങ്ങേണ്ട സിനിമയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കർ .

ചിത്രത്തിലെ മ്യൂസിക് വലിയ ടാസ്ക് ആയിരുന്നുവെന്നും ദേവദൂതനെ കുറിച്ച് ആളുകൾ ഇപ്പോഴാണ് സംസാരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ദേവദൂതൻ. സിനിമ അന്ന് തിയേറ്ററിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.

‘ദേവദൂതൻ പിൽക്കാലത്ത് ഇറങ്ങേണ്ട സിനിമയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചില സിനിമകൾ മുമ്പോട്ട് സഞ്ചരിക്കും. എത്തിപ്പെടേണ്ട ഒരു സബ്ജക്ടിൽ ഞങ്ങൾ എത്തിചേർന്നു. അത് പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി വർകൗട്ട് ചെയ്തു. വിദ്യാസാഗർജി തന്നെ അതിന്റെ മ്യൂസിക് ചെയ്തു. അതൊരു ഹിമാലയൻ ടാസ്ക്കായിരുന്നു.

എന്തരോ മഹാനുവിന്റെ സിംഫണി അതുപോലെ ബെൽസിന്റെ കുറേ സൗണ്ടുകൾ. അതൊക്കെ മ്യൂസിക് ആയിട്ട് വരണം. ആ സെവൻ ബെൽസ് ഞങ്ങൾ കണ്ടുപിടിച്ച ഒരു സാധനമായിരുന്നു. ഇതൊക്കെ വിദ്യാജിക്ക് വെല്ലുവിളികൾ ആയിരുന്നു. അതിന്റെ റീ റെക്കോർഡിങ്ങൊക്കെ വളരെ വലുതായിരുന്നു.

ദേവദൂതനെ പറ്റിയൊരു ധാരണ എനിക്കും സിബിക്കും മോഹൻലാലിനും രഗുനാഥ്‌ പാലേരിക്കുമെല്ലാം ഉണ്ടായിരുന്നു. അങ്ങനെയാണ് ആ സിനിമ മുന്നോട്ട് പോയത്. എന്നാൽ ചില സിനിമകൾ കുറേ മുമ്പേ സഞ്ചരിക്കും.


ചിലപ്പോൾ ആ സമയത്തേക്കുള്ള സിനിമ അല്ലായിരിക്കാമത്. പിന്നീട് ആ ചിത്രം ടി. വിയിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലുമെല്ലാം കണ്ടിട്ട് വരുന്ന കമന്റുകൾ വളരെ തമാശയാണ്.

ഹൊ എന്തൊരു അതിശയകരമായ സിനിമ എന്നൊക്കെയാണ് പറയുക. പാട്ടുകളൊക്കെ അന്ന് തന്നെ വലിയ ഹിറ്റായതാണ്. പക്ഷെ ഈ സിനിമയെ കുറിച്ച് ഇപ്പോഴാണ് ആളുകൾ സംസാരിച്ച് തുടങ്ങിയത്. അത് റീ റിലീസ് ചെയ്തൂടെ എന്നൊക്കെ ചോദിക്കുന്നുണ്ട്.

ദേവദൂതന്റെ റീ റിലീസ് പ്രതീക്ഷിക്കാം. ഞാനിപ്പോൾ അത് 4k യിലേക്ക് മാറ്റിയെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് വീണ്ടും ഇറക്കാൻ കഴിയുമോയെന്ന് നോക്കണം,’സിയാദ് കോക്കർ പറയുന്നു.

Content Highlight: Siyyadh Cokker Talk About Dhevadhoothan Movie

We use cookies to give you the best possible experience. Learn more