ദേവദൂതൻ ചിത്രത്തിന് വേണ്ടി കണ്ടുപിടിച്ചതാണ് ആ ഉപകരണം; നിർമാതാവ് പറയുന്നു
Entertainment
ദേവദൂതൻ ചിത്രത്തിന് വേണ്ടി കണ്ടുപിടിച്ചതാണ് ആ ഉപകരണം; നിർമാതാവ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th March 2024, 7:24 pm

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതന്‍. ജയപ്രദ, വിജയലക്ഷ്മി, ശരത്ത്, വിനീത് കുമാര്‍, ജനാര്‍ദ്ദനന്‍, ജഗതി എന്നിങ്ങനെ വലിയ താരനിരയെത്തിയ ചിത്രം റിലീസ് സമയത്ത് പരാജയപ്പെട്ടിരുന്നു.

എങ്കിലും പില്‍ക്കാലത്ത് മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രിയ ചിത്രമായി ദേവദൂതന്‍ മാറി, ടി.വിയില്‍ വരുമ്പോഴൊക്കെ ചിത്രത്തിന് റിപ്പീറ്റ് വാല്യൂ കൂടി.

സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരുന്നു ദേവദൂതൻ. വിദ്യാസാഗർ ചെയ്ത ഗാനങ്ങളെല്ലാം വലിയ സ്വീകാര്യത നേടിരുന്നു. ചിത്രത്തിലെ പശ്ചാത്തല സംഗീതവും വളരെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.


സിനിമയിൽ ഒരു പ്രധാന മ്യൂസിക്കൽ ഉപകരണമായി കാണിച്ച സാധനമായിരുന്നു സെവൻ ബെൽസ്. അത് സിനിമയ്ക്ക് വേണ്ടി കണ്ടുപിച്ചതാണെന്ന് ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കർ പറയുന്നു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതൻ പിൽക്കാലത്ത് ഇറങ്ങേണ്ട സിനിമയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചില സിനിമകൾ മുമ്പോട്ട് സഞ്ചരിക്കും. എത്തിപ്പെടേണ്ട ഒരു സബ്ജക്ടിൽ ഞങ്ങൾ എത്തി ചേർന്നു. അത് പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി വർകൗട്ട് ചെയ്തു. വിദ്യാസാഗർജി തന്നെ അതിന്റെ മ്യൂസിക് ചെയ്തു. അതൊരു ഹിമാലയൻ ടാസ്ക്കായിരുന്നു.

എന്തരോ മഹാനുവിന്റെ സിംഫണി അതുപോലെ ബെൽസിന്റെ കുറേ സൗണ്ടുകൾ. അതൊക്കെ മ്യൂസിക് ആയിട്ട് വരണം. ആ സെവൻ ബെൽസ് ഞങ്ങൾ കണ്ടുപിടിച്ച ഒരു സാധനമായിരുന്നു. ഇതൊക്കെ വിദ്യാജിക്ക് വെല്ലുവിളികൾ ആയിരുന്നു. അതിന്റെ റീ റെക്കോർഡിങ്ങൊക്കെ വളരെ വലുതായിരുന്നു,’സിയാദ് കോക്കർ പറയുന്നു.

മലയാള സിനിമയിൽ താൻ ചെയ്ത ഏറ്റവും വലിയ റെക്കോർഡിങ് ദേവദൂതന്റെതായിരുന്നുവെന്ന് വിദ്യാസാഗറും കൂട്ടിച്ചേർത്തു.

ഞാൻ ഇതുവരെ മലയാളത്തിൽ ചെയ്തതിൽ ഏറ്റവും വലിയ റീ റെക്കോർഡിങ് ദേവദൂതനായിരുന്നു. ഏറ്റവും കൂടുതൽ ദിവസവും വേണ്ടി വന്നത് അതിനായിരുന്നു,’വിദ്യാസാഗർ പറയുന്നു.

Content Highlight: Siyyad Cokker Talk About Devadoothan Movie Making