| Saturday, 8th September 2012, 3:10 pm

എയര്‍ കേരള നടപ്പാക്കാന്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എയര്‍ കേരള നടപ്പിലാക്കാന്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇതിന്റെ സാധ്യതാ പഠനത്തിനായി എം.ഡി വി.ജെ കുര്യനെ ചുമതലപ്പെടുത്തുകയും ചെയ്തു.

വിദേശ സര്‍വീസ് സംബന്ധിച്ച നിയമത്തില്‍ ഇളവ് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് നിര്‍ബന്ധമാക്കുന്നതായിരുന്നു നിലവിലെ നിയമം.[]

2005 ലാണ് എയര്‍ കേരള പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സിയാലുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടിയോളം രൂപ സിയാല്‍ മുടക്കി. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് എയര്‍ കേരള പദ്ധതിയ്ക്കായി നടപടികള്‍ എടുത്തത്. എന്നാല്‍ കേന്ദ്ര വ്യോമയാന നിയമങ്ങള്‍ കര്‍ശനമായതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല.

ചുരുങ്ങിയത് അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും സ്വന്തമായി 20 വിമാനങ്ങളും ഉള്ള കമ്പനികള്‍ക്കേ വിദേശ വിമാന സര്‍വീസിന് അനുമതി നല്‍കൂ എന്ന കേന്ദ്ര വ്യോമയാന നിയമമാണ് എയര്‍ കേരള പദ്ധതിക്ക് തിരിച്ചടിയായത്. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിന് കാര്യമായ പരിശ്രമം നടത്തിയതുമില്ല.

വി.ജെ. കുര്യന്റെ നേതൃത്വത്തില്‍ വികസന കുതിപ്പുമായെത്തുന്ന സിയാലായിരിക്കും എയര്‍ കേരള പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. പദ്ധതിക്കായി ഓഹരി സമാഹരണം “സിയാല്‍” മാതൃകയിലായിരിക്കും. 200 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

We use cookies to give you the best possible experience. Learn more