നായകനും മേലെ പോകുന്ന കാമിയോ റോളുകള്‍ ചിലപ്പോള്‍ സിനിമകളില്‍ ഉണ്ടാവാറുണ്ട്. സിനിമ കഴിയുമ്പോള്‍ കേന്ദ്രകഥാപാത്രങ്ങളെക്കാളും പ്രേക്ഷകരുടെ മനസില്‍ തങ്ങുന്നത് ഈ കഥാപാത്രമാവും. അത്തരത്തിലൊരു കഥാപാത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിരഞ്ജന്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച ഈ കഥാപാത്രം ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് വരുന്നത്.
രഞ്ജിത്തിന്റെ രചനയിൽ സിബി മലയിൽ ഒരുക്കിയ എവർഗ്രീൻ സിനിമയാണ് സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. സിയാദ് കോക്കറായിരുന്നു സിനിമ നിർമിച്ചത്. ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
എല്ലാ സീനുകളും കഴിഞ്ഞാണ് നിരഞ്ജന്റെ സീൻ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും ആ കഥാപാത്രം ആര് ചെയ്യുമെന്ന ചർച്ചയ്ക്കിടയിലാണ് മോഹൻലാലിന്റെ പേര് വരുന്നതെന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ അന്നൊരു ആയുർവേദ ചികിത്സയിലായിരുന്നുവെന്നും സിബി മലയിലും രഞ്ജിത്തും ചെന്ന് കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ മോഹൻലാൽ ഓക്കെ പറഞ്ഞെന്നും സിയാദ് കോക്കർ പറയുന്നു. ഗെറ്റപ്പ് പോലും മാറാതെ രണ്ടുദിവസം കൊണ്ടാണ് മോഹൻലാലിനെ വെച്ച് ആ സീനുകൾ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രഞ്ജിത്താണ് സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയുടെ നട്ടെല്ല്. സിനിമയുടെ അവസാനം നിരഞ്ജൻ എന്ന കഥാപാത്രത്തിന് ഒരു അതിഥി താരത്തെ ആവശ്യമുണ്ടെന്ന് ആദ്യമേ എല്ലാവർക്കും അറിയാമായിരുന്നു. അതിന് വേണ്ടി കുറച്ച് ഓപ്ഷനുകൾ രഞ്ജിത്ത് കണ്ടെത്തുകയും ചെയ്‌തിരുന്നു. നിരഞ്ജൻറെ സീനുകൾ ഒഴികെ ഷുട്ട് പൂർത്തിയാക്കി ചർച്ചകൾക്കിടെ ആ കഥാപാത്രം ലാൽ ചെയ്‌താൽ നന്നാകുമെന്ന് സിബി പറഞ്ഞു.
സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഒരു രംഗം
അന്ന് മോഹൻലാൽ കോയമ്പത്തൂർ ആയുർവേദ ചികിത്സയിലാണ്. മുടിയും താടിയുമൊക്കെ വളർത്തി കഴിയുന്നു. ലാലിനെ സന്ദർശിക്കാൻ എന്ന വ്യാജേന സിബിയും രഞ്ജിത്തും അവിടെയെത്തി. സംസാരത്തിനിടെ സമ്മർ ഇൻ ബത്‌ലഹേമിന്റെ കഥ പറഞ്ഞു.
കഥ ലാലിനിഷ്ടപ്പെട്ടു. നിരഞ്ജൻ എന്ന കഥാപാത്രം ലാൽ ചെയ്യണം എന്ന് രണ്ടുപേരും ചേർന്ന് പറഞ്ഞു. ലാൽ അത് സമ്മതിച്ചതോടെ ഗെറ്റപ്പൊന്നും മാറ്റാതെ രണ്ടുദിവസം കൊണ്ട് മദ്രാസിൽ വച്ച് തന്നെ ആ സീനുകൾ ഷൂട്ട് ചെയ്‌തു,’സിയാദ് കോക്കർ പറയുന്നു.
Content Highlight: Siyadh Kokker About Mohanlal’s Cameo In Summer In Bathlahem