മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു സമ്മർ ഇൻ ബത്ലഹേം.
സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. സിയാദ് കോക്കർ ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം നിർമിച്ചത്.
സിനിമ ഇറങ്ങിയതിന് പിന്നാലെ പ്രേക്ഷകർ ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു, ഇതിന് രണ്ടാം ഭാഗം ഉണ്ടാവുമോയെന്ന്. കാരണം രണ്ടാം ഭാഗത്തിനുള്ള ചെറിയ സാധ്യത തുറന്നിട്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് നിർമാതാവ് സിയാദ് കോക്കർ പറയുന്നത്. അതിന് യോജ്യമായ ഒരു കഥ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സിയാദ് കോക്കറും സംഗീത സംവിധായകൻ വിദ്യാസാഗറും.
‘എനിക്കതിനെ കുറിച്ച് പറയാൻ കഴിയില്ല. എനിക്കത് സംഭവിക്കാൻ നല്ല ആഗ്രഹമുണ്ട്. അതിന് യോജ്യമായ ഒരു ഐഡിയ കിട്ടണം. പക്ഷെ അതിന് പറ്റിയ ഒരു ആർട്ടിസ്റ്റിനെയും ആളുകളെയുമെല്ലാം കിട്ടേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ അത് ചെയ്യും. സിനിമ സംഭവിക്കാനുള്ള നൂറ് ശതമാനം സാധ്യതയെ ഞാൻ പറയുകയുള്ളൂ,’സിയാദ് കോക്കർ പറയുന്നു.
സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗത്തിന് താനും കാത്തിരിക്കുകയാണെന്ന് സംഗീത സംവിധായകൻ വിദ്യാസാഗറും പറഞ്ഞു.
‘ഞാനും ആ ചിത്രത്തിനായി കാത്തിരിക്കുകയാണ്. സമ്മർ ഇൻ ബത്ലഹേമിന്റെ ഇമ്പാക്ട് എത്ര വലുതാണെന്ന് നമുക്ക് അറിയാം. എല്ലാവരും മനസിൽ കൊണ്ട് നടക്കുന്ന ആയിരം ചോദ്യങ്ങൾ ആ സിനിമയിലുണ്ട്.
പിന്നെ അതിലെ പാട്ടുകളുണ്ട്. അതിന്റെ കഥയും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിൽ ഇന്നുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്,’വിദ്യാസാഗർ പറയുന്നു.
Content Highlight: Siyadh Cokker Talk About Summer In Bathlahem 2