ആദ്യം മാധവനെ കാസ്റ്റ് ചെയ്ത ദേവദൂതന്‍ സിനിമയിലേക്ക് മാധവന്റെ പിന്മാറ്റത്തിന് ശേഷം മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമാ നിര്‍മാതാവ് സിയാദ് കോക്കര്‍.
‘അലൈ പായുതേ’ തമിഴില്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ട്, ഇനി തമിഴില്‍ തന്നെ അഭിനയിക്കാന്‍ തീരുമാനിച്ചെന്നും മലയാളത്തില്‍ തത്കാലം അഭിനയിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മാധവന്റെ പിന്മാറ്റമെന്ന് അദ്ദേഹം പറയുന്നു. പിന്നീട് മോഹന്‍ലാലിനോട് താന്‍ ഈ കഥ പറയാനുണ്ടായ സാഹചര്യത്തെ പറ്റി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സിയാദ് കോക്കര്‍ പറയുന്നുണ്ട്.
‘ദേവദൂതന്‍ സിനിമയെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ ആര് അഭിനയിക്കുമെന്ന ചോദ്യം വന്നു. അപ്പോഴാണ് തമിഴില്‍ ‘അലൈ പായുതേ’ സിനിമയില്‍ മാധവന്‍ എന്‍ട്രി ചെയ്യുന്നത്. ഈ സിനിമയിലേക്ക് മാധവനെ കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി. മാധവനെ വിളിച്ചപ്പോള്‍ ‘അലൈ പായുതേ’യുടെ ഷൂട്ടിങ്ങ് നടക്കുകയാണ്, അത് കഴിഞ്ഞാല്‍ എന്തായാലും ദേവദൂതന്‍ ചെയ്യാമെന്ന് പറയുന്നത്.
അതോടെ ഞങ്ങള്‍ അതിനുള്ള വര്‍ക്കുകള്‍ ചെയ്തു തുടങ്ങി. മാധവനെ ഞങ്ങള്‍ അതിലേക്ക് കാസ്റ്റും ചെയ്തു. സ്‌ക്രിപ്റ്റിന്റെ കാര്യങ്ങളിലേക്ക് പോയി. പിന്നീടാണ് മാധവന്‍ വിളിക്കുന്നത്. ‘അലൈ പായുതേ’ തമിഴില്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ട് ഇനി തമിഴില്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു, മലയാളത്തില്‍ തത്കാലം ചെയ്യുന്നില്ലെന്ന് പറയാനാണ് വിളിച്ചത്.
അത് കേട്ടതും ഞങ്ങള്‍ സ്റ്റക്കായി. കാരണം ആ സിനിമക്ക് വേണ്ടിയുള്ള വര്‍ക്കുകള്‍ ഞങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഈ കോള്‍ വരുന്നത്. സോങ്ങ് സിറ്റുവേഷനുകള്‍ തീരുമാനിച്ച് ചര്‍ച്ച ചെയ്ത് വിദ്യാസാഗറുമായി അതിനെ പറ്റി സംസാരിച്ച് കഴിഞ്ഞിരുന്നു. ആ സിനിമയില്‍ നിന്ന് മാധവന്‍ പിന്മാറിയതില്‍ എല്ലാവരും നിരാശയിലായി.
അതിനിടയിലാണ് ഒരു ബന്ദ് നടക്കുന്ന ദിവസത്തില്‍ എനിക്ക് ലാലിന്റെ കോള്‍ വരുന്നത്. അവന്‍ കൂടെയാരും ഇല്ലാതെ തനിച്ചായത് കൊണ്ട് വിളിച്ചതാണ്. ഞാന്‍ അന്ന് ലാലിന്റെ അടുത്തേക്ക് പോയി. രണ്ടുപേരും പല കാര്യങ്ങളും സംസാരിച്ചു. ഞങ്ങളെല്ലാവരും ഒന്നിച്ചു കൂടുമ്പോള്‍ തമാശകളൊക്കെ പറഞ്ഞിരിക്കുമ്പോഴും കൂടുതലും സംസാരിക്കുന്നത് സിനിമയെ പറ്റിയാകും.
അന്ന് ലാല്‍ താന്‍ ചെയ്യാന്‍ പോകുന്ന സിനിമകളെ പറ്റിയൊക്കെ പറഞ്ഞു. അതിന്റെ സബ്‌ജെക്ടുകളെ കുറിച്ച് സംസാരിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ലാല്‍ എന്റെ പുതിയ വര്‍ക്ക് ഏതാണെന്ന് ചോദിച്ചു. സിബിയുമായി ഒന്ന് പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഞാന്‍ ദേവദൂതന്റെ കഥ അവനോട് പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോള്‍ ലാല്‍ എന്തുകൊണ്ട് ഞാന്‍ ചെയ്തുകൂടാ, ഈ സിനിമ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്ക് മോഹന്‍ലാല്‍ വരുന്നത്,’ സിയാദ് കോക്കര്‍ പറഞ്ഞു.
Content Highlight: Siyad Kokkar Talks About R Madhavan And Mohanlal In Devadoothan Movie