ദേവദൂതന്‍ സിനിമയില്‍ നിന്ന് എനിക്ക് സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം ഇതായിരുന്നു: നിര്‍മാതാവ് സിയാദ് കോക്കര്‍
Entertainment news
ദേവദൂതന്‍ സിനിമയില്‍ നിന്ന് എനിക്ക് സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം ഇതായിരുന്നു: നിര്‍മാതാവ് സിയാദ് കോക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 6:55 pm

തന്റെ ദേവദൂതന്‍ സിനിമയെ പറ്റി സംസാരിക്കുകയാണ് സിനിമാ നിര്‍മാതാവ് സിയാദ് കോക്കര്‍. ആദ്യം ലൊക്കേഷനായി കണ്ടിരുന്നത് ആലുവ സെമിനാരിയായിരുന്നെന്നും അവസാന നിമിഷം അതിന് പെര്‍മിഷന്‍ കിട്ടാതെ വന്നതോടെ ഊട്ടിയിലേക്ക് മാറ്റിയെന്നും അദ്ദേഹം പറയുന്നു.

ഷൂട്ടിങ്ങിന്റെ സമയത്ത് വലിയ മഴ പെയ്തത് കാരണം മണ്ണിടിച്ചില്‍ ഉണ്ടായതും അതിന്റെ ഭാഗമായി സെറ്റിന് വേണ്ടി വലിയ ചെലവ് വന്നെന്നും സിയാദ് കോക്കര്‍ കൂട്ടിചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതന്‍ സിനിമയില്‍ ആദ്യം തീരുമാനിച്ചത് മാധവനെയായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് മാധവന്‍ പിന്മാറിയതോടെ എല്ലാവരും നിരാശയിലായി. അതിനിടയിലാണ് ഒരു ബന്ദ് നടക്കുന്ന ദിവസത്തില്‍ എനിക്ക് ലാലിന്റെ കോള്‍ വരുന്നത്. അവന്‍ കൂടെയാരും ഇല്ലാതെ തനിച്ചായത് കൊണ്ട് വിളിച്ചതാണ്.

ഞാന്‍ അന്ന് ലാലിന്റെ അടുത്തേക്ക് പോയി. രണ്ടുപേരും പല കാര്യങ്ങളും സംസാരിച്ചു. ഞങ്ങളെല്ലാവരും ഒന്നിച്ചു കൂടുമ്പോള്‍ തമാശകളൊക്കെ പറഞ്ഞിരിക്കുമ്പോഴും കൂടുതലും സംസാരിക്കുന്നത് സിനിമയെ പറ്റിയാകും.

അന്ന് ലാല്‍ താന്‍ ചെയ്യാന്‍ പോകുന്ന സിനിമകളെ പറ്റിയൊക്കെ പറഞ്ഞു. അതിന്റെ സബ്ജെക്ടുകളെ കുറിച്ച് സംസാരിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ലാല്‍ എന്റെ പുതിയ വര്‍ക്ക് ഏതാണെന്ന് ചോദിച്ചു. സിബിയുമായി ഒന്ന് പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഞാന്‍ ദേവദൂതന്റെ കഥ അവനോട് പറഞ്ഞു.

കേട്ട് കഴിഞ്ഞപ്പോള്‍ ലാല്‍ എന്തുകൊണ്ട് ഞാന്‍ ചെയ്തുകൂടാ, ഈ സിനിമ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്ക് മോഹന്‍ലാല്‍ വരുന്നത്. ലാല്‍ വന്നതിലൂടെ ആ സിനിമയുടെ തലം മാറി. ആ സിനിമ ഒരു പരീക്ഷണമായിട്ടായിരുന്നു എടുക്കാന്‍ തീരുമാനിച്ചത്.

ലാല്‍ ഉള്ളത് കൊണ്ട് സിനിമ ആളുകള്‍ അംഗീകരിക്കുമെന്ന് ഉറപ്പായി. അന്ന് ലൊക്കേഷനായി കണ്ടിരുന്നത് ആലുവ സെമിനാരിയായിരുന്നു. എന്നാല്‍ അവസാന നിമിഷം അതിന് പെര്‍മിഷന്‍ കിട്ടിയില്ല. അതോടെ ലൊക്കേഷന്‍ അവിടുന്ന് മാറ്റേണ്ടി വന്നു.

ആ സിനിമ ഊട്ടിയിലാണ് ഷൂട്ട് ചെയ്തത്. വളരെ ത്രില്ലിങ്ങായിട്ടുള്ള എക്‌സ്പീരിയന്‍സായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഷൂട്ടിങ്ങിന്റെ സമയത്ത് വലിയ മഴ പെയ്തു. മഴ പെയ്താല്‍ അവിടെ നല്ല മണ്ണിടിച്ചിലും ഉണ്ടാകും. സിനിമക്ക് വേണ്ടി പലയിടത്തും സെറ്റിട്ടിരുന്നു. സെറ്റിന് വേണ്ടി തന്നെ നല്ല ചെലവ് വന്നു.

സാമ്പത്തികമായി എനിക്ക് വളരെയധികം നഷ്ടമുണ്ടാക്കിയ സിനിമയായിരുന്നു ഇത്. അതിന് കാരണമായത് പലപ്പോഴും ക്ലൈമറ്റിന്റെ ഈ പ്രശ്‌നങ്ങളൊക്കെയായിരുന്നു. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. ആ പ്രശ്‌നമില്ലായിരുന്നെങ്കില്‍ സിനിമക്ക് വലിയ നഷ്ടം വരില്ലായിരുന്നു. എങ്കിലും ആ സിനിമ ഒരു ക്ലാസിക് തന്നെയായിരുന്നു,’ സിയാദ് കോക്കര്‍ പറഞ്ഞു.


Content Highlight: Siyad Kokkar Talks About Devadoothan Movie