ദേവദൂതനില്‍ തീരുമാനിച്ചിരുന്നത് മാധവനെ; എന്നാല്‍ തമിഴിലെ ആ സിനിമ ഹിറ്റായതോടെ മാധവന്‍ പിന്മാറി: സിയാദ് കോക്കര്‍
Entertainment news
ദേവദൂതനില്‍ തീരുമാനിച്ചിരുന്നത് മാധവനെ; എന്നാല്‍ തമിഴിലെ ആ സിനിമ ഹിറ്റായതോടെ മാധവന്‍ പിന്മാറി: സിയാദ് കോക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 9:33 am

ദേവദൂതന്‍ സിനിമയിലേക്ക് ആദ്യം മാധവനെ കാസ്റ്റ് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് സിനിമാ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. ആദ്യം മാധവന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ പിന്നീട് പിന്മാറിയെന്നും അദ്ദേഹം പറയുന്നു.

‘അലൈ പായുതേ’ തമിഴില്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ട് ഇനി തമിഴില്‍ തന്നെ അഭിനയിക്കാന്‍ തീരുമാനിച്ചെന്നും മലയാളത്തില്‍ തത്കാലം അഭിനയിക്കുന്നില്ലെന്നും പറയുകയായിരുന്നു മാധവന്‍ എന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യനും ശ്രീനിയുമായി ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയം, സിബി മലയില്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. അവന്റെ സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എനിക്ക് സിബിയെ പരിചയമുണ്ട്. ഒരിക്കല്‍ ഞാന്‍ അവനോട് ഒരു പടം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു.

ആ വാക്കിന്റെ പുറത്താണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ എന്ന സിനിമയുണ്ടാകുന്നത്. അതിന് ശേഷമാണ് ഞങ്ങള്‍ ദേവദൂതനെന്ന സിനിമയിലേക്ക് എത്തുന്നത്. ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ ശരിക്കും തമിഴില്‍ ചെയ്യാന്‍ വേണ്ടിയുണ്ടാക്കിയ ഒരു പ്രൊജക്റ്റായിരുന്നു. അന്ന് വേറെ പ്രൊഡ്യൂസറായിരുന്നു ഉണ്ടായിരുന്നത്.

ദേവദൂതനെന്ന സിനിമയിലേക്ക് എത്താന്‍ ഒരു സബ്‌ജെക്റ്റ് പ്ലാന്‍ ചെയ്യണമായിരുന്നു. അതിനായി ഞങ്ങള്‍ സംസാരിക്കുമ്പോഴാണ് രണ്ട് ചെറുപ്പക്കാരുടെ കഥ പറയാമെന്ന് തീരുമാനിക്കുന്നത്. എനിക്കത് സ്പാര്‍ക്കിങ്ങായിട്ട് തോന്നി.

സിബിയും അസോസിയേറ്റും മുമ്പ് ചര്‍ച്ച ചെയ്തു വെച്ച ഒരു സിനിമയുടെ പാറ്റേണുണ്ടെന്നും അത് സ്‌ക്രിപ്റ്റിന്റെ രൂപത്തിലാക്കി വെച്ചതുണ്ടെന്നും പറഞ്ഞു. സിബിയന്ന് ചെന്നൈയില്‍ പോയി എഴുതി വെച്ച സ്‌ക്രിപ്‌റ്റെടുത്തിട്ട് വന്നു. അത് വായിച്ചപ്പോള്‍ എനിക്ക് താത്പര്യം തോന്നി.

പിന്നെ അതില്‍ ആര് അഭിനയിക്കുമെന്ന ചോദ്യം വന്നു. അപ്പോഴാണ് തമിഴില്‍ ‘അലൈ പായുതേ’ സിനിമയില്‍ മാധവന്‍ എന്‍ട്രി ചെയ്യുന്നത്. ഈ സിനിമയിലേക്ക് മാധവനെ കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി. അങ്ങനെ മാധവനെ വിളിച്ചപ്പോള്‍ ‘അലൈ പായുതേ’യുടെ ഷൂട്ടിങ്ങ് നടക്കുകയാണ്, അത് കഴിഞ്ഞാല്‍ എന്തായാലും ചെയ്യാമെന്ന് പറയുന്നത്.

അതോടെ ഞങ്ങള്‍ അതിനുള്ള വര്‍ക്കുകള്‍ ചെയ്തു തുടങ്ങി. മാധവനെ ഞങ്ങള്‍ അതിലേക്ക് കാസ്റ്റും ചെയ്തു. സ്‌ക്രിപ്റ്റിന്റെ കാര്യങ്ങളിലേക്ക് പോയി. പിന്നീടാണ് മാധവന്‍ വിളിക്കുന്നത്. ‘അലൈ പായുതേ’ തമിഴില്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ട് ഇനി തമിഴില്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു, മലയാളത്തില്‍ തത്കാലം ചെയ്യുന്നില്ലെന്ന് പറയാനാണ് വിളിച്ചത്,’ സിയാദ് കോക്കര്‍ പറഞ്ഞു.

Content Highlight: Siyad Kokkar About R Madhavan And Movie Devadoothan