| Tuesday, 6th February 2024, 5:45 pm

മോഹന്‍ലാലിനെ സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ എത്തിച്ചത് അങ്ങനെയാണ്'; നിര്‍മാതാവ് സിയാദ് കോക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998ല്‍ റിലീസായ സിനിമ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യറും കലാഭവന്‍ മണിയുമെല്ലാം ആദ്യം മുതലേ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നുവെങ്കിലും സിനിമയുടെ അവസാന അഞ്ച് മിനിറ്റില്‍ വന്നുപോയ മോഹന്‍ലാലിന്റെ അതിഥിവേഷം സിനിമയെ കൂടുതല്‍ മികച്ചതാക്കി.

എന്നാല്‍ ആ സിനിമയില്‍ മോഹന്‍ലാല്‍ ആദ്യം ഇല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് സിയാദ് കോക്കര്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സിയാദ് ഇക്കാര്യം പറഞ്ഞത്.

‘ തമിഴിന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. പിന്നീട് മലയാളത്തില്‍ ചെയ്യുകയായിരുന്നു.10 ദിവസം കൊണ്ട് ഷൂട്ടിങ് തുടങ്ങി. എല്ലാവരുടെയും ഫാമിലി ഊട്ടിയില്‍ ഉണ്ടായിരുന്നു. ഒരു ഫാമിലി ഗെറ്റ് ടുഗെദര്‍ പോലെയായിരുന്നു ഷൂട്ടിങ് ദിവസങ്ങള്‍. ക്‌ളൈമാക്‌സ് അടക്കം ഷൂട്ട് ചെയ്തുകഴിഞ്ഞു. പക്ഷേ നിരഞ്ജന്‍ എന്ന കഥാപാത്രം ആര് ചെയ്യും എന്ന കാര്യത്തില്‍ മാത്രം തീരുമാനമായില്ല. സ്‌ക്രിപ്റ്റ് എഴുതിയ രഞ്ജിത്തിനോ, സിബിക്കോ, എനിക്കോ ഒരു ഐഡിയയുമില്ല. തമിഴിലെ ആരെയെങ്കിലും വിളിക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ചു. അപ്പോഴാണ് സിബി, ‘മോഹന്‍ലാല്‍ ആയുര്‍വേദ ട്രീറ്റ്‌മെന്റിന് വേണ്ടി കോയമ്പത്തൂരിലുണ്ട്, പുള്ളിയെ ഇതിലേക്ക് നോക്കിയാലോ’ എന്ന് ചോദിച്ചത്.

രഞ്ജിത് പറഞ്ഞു, ‘നല്ല ചോയിസാണ്. ലാല്‍ ഗസ്റ്റ് റോള്‍ ചെയ്യുമോ എന്നറിയില്ല. പക്ഷേ, ലുക്ക് നോക്കിയാല്‍ പുള്ളി പെര്‍ഫെക്ടാണ്. ആയുര്‍വേദ ട്രീറ്റ്‌മെന്റായത് കൊണ്ട് താടിയും മുടിയും നന്നായി വളര്‍ത്തിയിട്ടുണ്ട്’. ഞാന്‍ പറഞ്ഞു, ‘ ഒരു പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് ഞാന്‍ പോയാല്‍ ശരിയാവില്ല, അതുകൊണ്ട് സിബിയും രഞ്ജിതും ഒരു ഫ്രണ്ട്‌ലി വിസിറ്റ് എന്ന നിലയ്ക്ക് പോയി സംസാരിച്ചിട്ട് ആദ്യം ഒന്ന് സജസ്റ്റ് ചെയ്ത് നോക്കൂ. എന്നിട്ട് ഞാന്‍ വരാം’ ഞാന്‍ പറഞ്ഞു.

പുള്ളിക്ക് അങ്ങനെ ഗസ്റ്റ് റോളില്‍ വരേണ്ട ആവശ്യമില്ല. പുള്ളിയോടുള്ള റെസ്‌പെക്ട് കളയാന്‍ പാടില്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ലാലിന്റെ സ്വഭാവം എങ്ങനെയാണെന്ന് വെച്ചാല്‍ ആരെങ്കിലും കാണാന്‍ വന്നാല്‍ അയാളെ അന്നുതന്നെ പോവാന്‍ സമ്മതിക്കില്ല. അവിടെ താമസിക്കാന്‍ പറയും. സിബിയും രഞ്ജിതും അവിടെ സ്റ്റേ ചെയ്തു. രാത്രി ഫുഡ് ഒക്കെ കഴിച്ചിട്ട് മോഹന്‍ലാല്‍ ചോദിച്ചു, ‘ഇപ്പോ ഏത് സിനിമയാ ചെയ്യുന്നത്’ എന്ന്. സിബി സിനിമയുടെ കാര്യങ്ങള്‍ പറഞ്ഞു. മോഹന്‍ലാല്‍ കഥ മുഴുവന്‍ കേട്ടിരുന്നു. അതിന് ശേഷം രഞ്ജിത് പറഞ്ഞു, ഇതില്‍ നിരഞ്ജന്‍ എന്ന ഒരു ക്യാരക്ടര്‍ ഉണ്ട്. നിങ്ങളുടെ ഈ ഫിസിക്കല്‍ അപ്പിയറന്‍സില്‍ ആ ക്യാരക്ടര്‍ നിങ്ങള്‍ക്ക് ആപ്റ്റാണ്. ഒന്നു ചെയ്യ് എന്ന് പറഞ്ഞു. ഇത് കേട്ട് മോഹന്‍ലാല്‍, പിന്നെന്താ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഈ സബ്ജക്ട് ഇഷ്ടപ്പെട്ടാണ് ഈ സിനിമയില്‍ എത്തുന്നത്,’ സിയാദ് കോക്കര്‍ പറഞ്ഞു.

Content Highlight: Siyad Koker reveals how he convinced Mohanlal for Summer in Bethlehem

We use cookies to give you the best possible experience. Learn more