മലയാളസിനിമ ഇതുവരെ കാണാത്ത കുതിപ്പാണ് 2024ന്റെ ആദ്യപകുതിയില്‍ ഉണ്ടായത്. നാല് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബിലും, മൂന്ന് ചിത്രങ്ങള്‍ 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി നേടി ഏറ്റവും വലിയ കളക്ഷന്‍ നേടിയ മലയാളസിനിമയായി മാറി. എന്നാല്‍ ഇനി ഇതുപോലെ ഉണ്ടാകില്ലെന്ന് പറയുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍.
250ലധികം സിനിമകള്‍ റിലീസായപ്പോള്‍ വെറും ആറ് സിനിമകള്‍ മാത്രമാണ് വലിയ ഹിറ്റായതെന്നും ബാക്കിയെല്ലാം പരാജയമായിരുന്നുവെന്നും സിയോദ് കോക്കര്‍ പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നിറം, ശങ്കരാഭരണം എന്നീ സിനിമകള്‍ ഹിറ്റാകുമെന്ന പ്രതീക്ഷ ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അത്തരം സിനിമകള്‍ വിജയിച്ചില്ലെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
മലയാളസിനിമയില്‍ ഇനി നിര്‍മാതാക്കള്‍ അധികകാലം നിലനില്‍ക്കില്ലെന്നും സാറ്റ്‌ലൈറ്റ് റൈറ്റ്‌സും ഒ.ടി.ടി റൈറ്റ്‌സും നിര്‍മാതാവിനെ സേഫ് ആക്കാറില്ലെന്നും സിയാദ് കോക്കര്‍ പറഞ്ഞു. എങ്ങനെയുള്ള സിനിമകളാണ് ഇനി തിയേറ്ററുകളില്‍ ഹിറ്റാവുകയെന്ന് നിര്‍മാതാക്കള്‍ക്ക് അറിയില്ലെന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സിയാദ് ഇക്കാര്യം പറഞ്ഞത്.
‘എല്ലാ സിനിമയും ആവേശവും, മഞ്ഞുമ്മല്‍ ബോയ്‌സും ആവുന്നില്ല. പ്രേമലുവും ഭ്രമയുഗവും ഹിറ്റായതുപോലെ ബാക്കി സിനിമകള്‍ ഹിറ്റാകണമെന്നില്ല. 250ല്‍ കൂടുതല്‍ സിനിമകള്‍ ഇറങ്ങുന്ന ഇന്‍ഡസ്ട്രിയില്‍ ആകെ നാല് സിനിമ മാത്രമേ ഹിറ്റായിട്ടുള്ളൂ. ഇനി ഇതുപോലെ എല്ലാ സിനിയും ഹിറ്റാകുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റില്ല. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാര്യമാണ് ഇത്.
മുഴുവന്‍ പുതുമുഖങ്ങളെ വെച്ച് ഹിറ്റായ സിനിമയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അതുപോലെ നിറം ഹിറ്റാകുമെന്നൊന്നും പ്രതീക്ഷയുണ്ടായിരുന്നില്ല. എല്ലാം പോട്ടെ, ശങ്കരാഭരണം എന്ന സിനിമ കേരളത്തില്‍ സൂപ്പര്‍ഹിറ്റാകുമെന്ന് ആരും വിചാരിച്ചിരുന്നതേയില്ല. എന്തോ അത്ഭുതം കാരണം വിജയിച്ച സിനിമയാണ് ഇതെല്ലാം.
മലയാളസിനിമയില്‍ നിര്‍മാതാക്കളെ സംബന്ധിച്ച് വളരെ മോശം അവസ്ഥയാണ് ഇപ്പോള്‍. തിയേറ്ററില്‍ ഏത് സിനിമ ഹിറ്റാകുമെന്ന് യാതൊരു ധാരണയുമില്ല. സാറ്റ്‌ലൈറ്റ് റൈറ്റ്‌സും ഒ.ടി.ടി റൈറ്റ്‌സും കൊണ്ട് പ്രൊഡ്യൂസര്‍ സേഫ് ആകുമെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പോലും മലയാളസിനിമയോട് വലിയ രീതിയില്‍ അവഗണനയുണ്ട്,’സിയാദ് കോക്കര്‍ പറഞ്ഞു.
Content Highlight: Siyad Koker about hit Malayalam movies in 2024