| Tuesday, 15th October 2024, 11:38 am

പ്രണയഗാനം പാടി അഭിനയിക്കില്ലെന്ന് പറഞ്ഞ് ശ്രീനി അന്ന് ദേഷ്യപ്പെട്ടു, ഈ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം: സിയാദ് കോക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം. ശ്രീനിവാസനായിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്. മോഹൻലാൽ, കാർത്തിക, ശ്രീനിവാസൻ, കെ.പി.എ.സി ലളിത, എം.ജി. സോമൻ, തിലകൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയായിരുന്നു സന്മനസ്സുള്ളവർക്ക് സമാധാനം. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് സിയാദ് കോക്കർ.

ശ്രീനിവാസനെ വെച്ച് ആ പാട്ട് എടുക്കണമെന്നത് സത്യൻ അന്തിക്കാടിന്റെ നിർബന്ധമായിരുന്നുവെന്നും എന്നാൽ ശ്രീനിയോട് അത് പറയാൻ മടി ഉണ്ടായിരുന്നുവെന്നും സിയാദ് കോക്കർ പറയുന്നു. കാര്യം അറിഞ്ഞപ്പോൾ ശ്രീനിവാസൻ ഒരുപാട് ദേഷ്യപ്പെട്ടെന്നും ഒന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ സമ്മതിപ്പിക്കുന്നതെന്നും സിയാദ് പറയുന്നു. എന്നാൽ ഷൂട്ടിനിടയിൽ പലപ്പോഴും ഈ പാട്ട് സിനിമയിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്ന്  ശ്രീനിവാസൻ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻലാൽ, ശ്രീനിവാസൻ, തിലകൻ, കാർത്തിക തുടങ്ങിയ നല്ലൊരു താരനിരയെ അണിനിരത്തി മികച്ചൊരു സിനിമയൊരുക്കാൻ തന്നെ അതിലൂടെ സാധിച്ചു. സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം.’ എന്ന ഗാനരംഗത്തിൽ ശ്രീനി തന്നെ അഭിനയിക്കണം എന്ന് സത്യൻ ആദ്യമേ എന്നോട് പറഞ്ഞിരുന്നു.

എന്നാൽ ശ്രീനിയോട് അക്കാര്യം പറയാനുള്ള ധൈര്യം സത്യനുണ്ടായിരുന്നില്ല. കാരണം ശ്രീനി ‘നോ’ പറയുമെന്ന് ഉറപ്പാണ്. അവസാനം ഞാനും സത്യനും ഒന്നിച്ച് സംഭവം ശ്രീനിയോട് പറഞ്ഞു. കാര്യം പറഞ്ഞപ്പോൾ ശ്രീനി ദേഷ്യപ്പെട്ടു, ഞാൻ സിനിമയിൽ പ്രണയഗാനം പാടി അഭിനയിക്കണം എന്നോ? നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

നമുക്ക് ഒന്ന് ട്രൈ ചെയ്ത്‌ നോക്കാം എന്ന് പറഞ്ഞപ്പോൾ ശ്രീനി തത്ക്കാലം സമ്മതം മൂളി. അങ്ങനെ കൊച്ചി സുഭാഷ് ബോസ് പാർക്കിൽ വച്ച് ആ ഗാന രംഗം ചിത്രീകരിച്ചു. ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല, കാരണം ഓരോ രംഗം കഴിയുമ്പോഴും ശ്രീനിയുടെ മുഖം മാറുകയും ഞങ്ങളോട് ഇങ്ങനെ പറയുകയും ചെയ്യും, ഇത് ഇവിടം വച്ച് നിർത്താം, ഈ പാട്ട് നമുക്ക് പടത്തിൽ വേണ്ടായെന്ന്. ചുരുങ്ങിയ ദിവസം കൊണ്ട് ഷൂട്ട് ചെയ്‌ത്‌ ഏറ്റവും വലിയ ഹിറ്റ് സൃഷ്ടിക്കുക എന്നത് അന്നത്തെ കാലത്ത് വലിയൊരു അത്ഭുതമായിരുന്നു,’സിയാദ് കോക്കർ പറയുന്നു.

Content Highlight: Siyad Cokker About Sanmanassullavarkk Samadhanam Movie

Latest Stories

We use cookies to give you the best possible experience. Learn more