ലാൽജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂർ കനവ്. ബിജു മേനോൻ, ദിവ്യ ഉണ്ണി, ശ്രീനിവാസൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിയാദ് കോക്കർ നിർമിച്ച ചിത്രം വലിയ വിജയമായി മാറിയിരുന്നു. ശ്രീനിവാസനാണ് ആദ്യമായി ചിത്രത്തിന്റെ കഥ തന്നോട് പറയുന്നതെന്നും ലാൽജോസിനെ കുറിച്ച് പറയുന്നതും അദ്ദേഹമാണെന്നും സിയാദ് പറയുന്നു. ചിത്രത്തിന്റെ കഥ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടുവെന്നും സിനിമയിലെ ഒരു ഗാനരംഗത്തിൽ മമ്മൂട്ടിയോട് ഡാൻസ് കളിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ടെന്നും സിയാദ് പറയുന്നു. ആ പ്രശ്നം ഒത്തുതീർപ്പാക്കിയത് താനാണെന്നും സിയാദ് കോക്കർ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് പറഞ്ഞു.
‘അന്നെനിക്ക് ലാൽജോസിനെ പരിചയമില്ല. പക്ഷേ ശ്രീനി പറഞ്ഞാൽ എനിക്ക് പിന്നെ വിശ്വാസമാണ്. അങ്ങനെ ഞാൻ മമ്മുക്കയുടെ അടുത്ത് പോയി. അദ്ദേഹത്തിന് കഥ ഇഷ്ടമായി. ‘പുതിയ സംവിധായകനെ വെക്കാൻ തനിക്ക് കോൺ ഫിഡൻസ് ഉണ്ടോ എന്നായിരുന്നു മമ്മൂക്ക എന്നോട് ചോദിച്ചത്. എനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞതോടെ മമ്മുക്ക ഓക്കെയായി.
അങ്ങനെയാണ് മറവത്തൂർ കനവ് തുടങ്ങുന്നത്. പൊള്ളാച്ചിയിലെ സേതുമടയിലായിരുന്നു ഷൂട്ടിങ്. ഒരു റംസാൻ മാസത്തിലാണ് ചിത്രീകരണം നടന്നത്. ഇടയ്ക്ക് വീട്ടിൽ പോകണം എന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ഇടയ്ക്ക് ചെറിയ പ്രശ്നമുണ്ടാക്കും. എന്നാൽ, പോവാൻ പറ്റില്ല ഒറ്റ ഷെഡ്യൂളിൽ സിനിമ തീർക്കണം എന്ന് ഞാൻ കട്ടായം പറഞ്ഞ് മമ്മൂട്ടിയെ അവിടെ നിർത്തി.
അതേപോലെ ‘സുന്ദരിയേ സുന്ദരിയേ’ എന്ന് തുടങ്ങുന്ന പാട്ടിൽ മമ്മൂട്ടി ഡാൻസ് ചെയ്യണം എന്ന് ലാൽജോസ് പറഞ്ഞപ്പോൾ മമ്മൂട്ടി ദേഷ്യപ്പെട്ടു. വേറെ വല്ല പണിയും നോക്കിക്കോ, എനിക്ക് ഡാൻസ് ചെയ്യാൻ ആവില്ലെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമെന്ന് മമ്മൂട്ടി പറഞ്ഞു. അവസാനം ഞാൻ ഇടപെട്ടാണ് മമ്മുക്കയ്ക്ക് പറ്റുന്ന രീതിയിലുള്ള സ്റ്റെപ്പുകൾ കൊറിയോഗ്രാഫർമാരെ കൊണ്ട് ചെയ്യിപ്പിച്ച് സംഭവം ഒത്തുതീർപ്പാക്കിയത്.
മമ്മൂട്ടിയുടെ വ്യത്യസ്‌ത ലുക്കുമായെത്തിയ മറവത്തൂർ കനവ് വലിയ ഹിറ്റായി മാറി. ലാൽജോസിന് നല്ലൊരു തുടക്കം നൽകാനും ആ സിനിമയ്ക്ക് സാധിച്ചു,’സിയാദ് കോക്കർ പറയുന്നു.
Content Highlight: Siyad Cokker About Oru Maravathoor Kanav Movie and Mammootty