ആ പ്രണയഗാനത്തോട് ശ്രീനി നോ പറയുമെന്ന് ഉറപ്പായിരുന്നു, അത് പറയാൻ സത്യന് ധൈര്യം ഉണ്ടായിരുന്നില്ല: സിയാദ് കോക്കർ
Entertainment
ആ പ്രണയഗാനത്തോട് ശ്രീനി നോ പറയുമെന്ന് ഉറപ്പായിരുന്നു, അത് പറയാൻ സത്യന് ധൈര്യം ഉണ്ടായിരുന്നില്ല: സിയാദ് കോക്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th November 2024, 8:10 pm

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ – ശ്രീനിവാസൻ ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം. ഇന്നും മലയാളികൾ റിപ്പീറ്റടിച്ച് കാണുന്ന സിനിമയിലെ ഏറെ ശ്രദ്ധ നേടിയ ഗാനമായിരുന്നു ‘പ്രണയവല്ലി പൂത്തുലഞ്ഞല നീലവാനം’ എന്ന ഗാനം. ശ്രീനിവാസനും കാർത്തികയും അഭിനയിച്ച ഗാനരംഗം ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സിനിമയുടെ നിർമാതാവ് സിയാദ് കോക്കർ.

ശ്രീനിവാസനെ വെച്ച് ആ പാട്ട് എടുക്കണമെന്നത് സത്യൻ അന്തിക്കാടിന്റെ നിർബന്ധമായിരുന്നുവെന്നും എന്നാൽ ശ്രീനിയോട് അത് പറയാൻ മടി ഉണ്ടായിരുന്നുവെന്നും സിയാദ് കോക്കർ പറയുന്നു. കാര്യം അറിഞ്ഞപ്പോൾ ശ്രീനിവാസൻ ഒരുപാട് ദേഷ്യപ്പെട്ടെന്നും ഒന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ സമ്മതിപ്പിക്കുന്നതെന്നും സിയാദ് പറയുന്നു. പലവട്ടം ഷൂട്ട് പകുതിവെച്ച് നിർത്താൻ ശ്രീനിവാസൻ പറഞ്ഞെന്നും അദ്ദേഹം സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് കൂട്ടിച്ചേർത്തു.

‘മോഹൻലാൽ, ശ്രീനിവാസൻ, തിലകൻ, കാർത്തിക തുടങ്ങിയ നല്ലൊരു താരനിരയെ അണിനിരത്തി മികച്ചൊരു സിനിമയൊരുക്കാൻ തന്നെ അതിലൂടെ സാധിച്ചു. സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം.’ എന്ന ഗാനരംഗത്തിൽ ശ്രീനി തന്നെ അഭിനയിക്കണം എന്ന് സത്യൻ ആദ്യമേ എന്നോട് പറഞ്ഞിരുന്നു.

എന്നാൽ ശ്രീനിയോട് അക്കാര്യം പറയാനുള്ള ധൈര്യം സത്യനുണ്ടായിരുന്നില്ല. കാരണം ശ്രീനി ‘നോ’ പറയുമെന്ന് ഉറപ്പാണ്. അവസാനം ഞാനും സത്യനും ഒന്നിച്ച് സംഭവം ശ്രീനിയോട് പറഞ്ഞു. കാര്യം പറഞ്ഞപ്പോൾ ശ്രീനി ദേഷ്യപ്പെട്ടു, ഞാൻ സിനിമയിൽ പ്രണയഗാനം പാടി അഭിനയിക്കണം എന്നോ? നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

നമുക്ക് ഒന്ന് ട്രൈ ചെയ്ത്‌ നോക്കാം എന്ന് പറഞ്ഞപ്പോൾ ശ്രീനി തത്ക്കാലം സമ്മതം മൂളി. അങ്ങനെ കൊച്ചി സുഭാഷ് ബോസ് പാർക്കിൽ വച്ച് ആ ഗാന രംഗം ചിത്രീകരിച്ചു. ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല, കാരണം ഓരോ രംഗം കഴിയുമ്പോഴും ശ്രീനിയുടെ മുഖം മാറുകയും ഞങ്ങളോട് ഇങ്ങനെ പറയുകയും ചെയ്യും, ഇത് ഇവിടം വച്ച് നിർത്താം, ഈ പാട്ട് നമുക്ക് പടത്തിൽ വേണ്ടായെന്ന്. ചുരുങ്ങിയ ദിവസം കൊണ്ട് ഷൂട്ട് ചെയ്‌ത്‌ ഏറ്റവും വലിയ ഹിറ്റ് സൃഷ്ടിക്കുക എന്നത് അന്നത്തെ കാലത്ത് വലിയൊരു അത്ഭുതമായിരുന്നു,’സിയാദ് കോക്കർ പറയുന്നു.

 

Content Highlight: Siyad Coker About Sreenivasan And Sathyan Anthikkad