| Thursday, 30th June 2022, 7:56 pm

ലാല്‍ ജോസിനോട് വഴക്ക് പിടിച്ച് മമ്മൂട്ടി കട്ടിലില്‍ കയറി കിടന്നു, എന്നെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചേ പറ്റത്തുള്ളോ എന്ന് ചോദിച്ചു: സിയാദ് കോക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് ആദ്യമായി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം നടത്തിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി, ബിജു മേനോന്‍, ദിവ്യ ഉണ്ണി, മോഹിനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം നിര്‍മിച്ചത് സിയാദ് കോക്കറായിരുന്നു. ചിത്രത്തിലെ ഒരു പാട്ടിനിടയിലുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ജാങ്കോ സ്‌പേസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിയാദ് കോക്കര്‍.

‘മറവത്തൂര്‍ കനവില്‍ ഒരു സോങ് സീക്വന്‍സുണ്ട്. ആ സോങ് സീക്വന്‍സില്‍ മമ്മൂട്ടിയും ഉണ്ടാവണം. അദ്ദേഹം ഡാന്‍സ് ചെയ്യണം. മമ്മൂട്ടിയാണെങ്കില്‍ ഡാന്‍സ് ചെയ്യാന്‍ വലിയ താല്‍പര്യമില്ലാത്ത മനുഷ്യനാണ്. പുള്ളിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ലാല്‍ ജോസിനോട് വഴക്കിട്ട് പുറത്തുള്ള ഒരു കയര്‍ കട്ടിലില്‍ കയറി കിടക്കുകയാണ്. പക്ഷേ ആ ഡാന്‍സ് സീക്വന്‍സ് കംപ്ലീറ്റ് ചെയ്യണമെങ്കില്‍ മമ്മൂട്ടി വേണം.

ആ ഡാന്‍സിനിടയില്‍ ഒരു മെസേജ് വന്നിട്ട് മമ്മൂട്ടി അപ്രത്യക്ഷനാവുകയാണ്. അത് കഥയുടെ വേറൊരു ഭാഗമാണ്, മമ്മൂട്ടി ഇല്ലാതെ ചെയ്യാന്‍ പറ്റില്ല. അത് മടി പിടിച്ചിട്ടാണോ വഴക്കായിട്ടാണോന്ന് അറിയില്ല. ഞാന്‍ ചെല്ലുമ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുകയാണ്. ലാല്‍ ജോസ് എന്നോട് വിവരങ്ങളൊക്കെ പറഞ്ഞു.

ഞാന്‍ ചെന്ന് പുള്ളിയുടെ കൂടെ കട്ടിലില്‍ ഇരുന്നു. മമ്മൂക്ക ഇത് ചെയ്യാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചേ പറ്റത്തുള്ളോ എന്ന് ചോദിച്ചു. ഈ സീക്വന്‍സിന്റെ പ്രത്യേകത അതാണെന്ന് ഞാന്‍ പറഞ്ഞു. അതൊരു രസകരമായ അനുഭവമായിരുന്നു. വഴക്കോ വയ്യാവേലിയോ അല്ല, ഒരു തമാശ ആയിട്ടാണ് ഞാന്‍ അത് കണ്ടത്,’ സിയാദ് കോക്കര്‍ പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന കുറിയാണ് സിയാദ് കോക്കറിന്റെ നിര്‍മാണത്തില്‍ ഇനി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കെ.ആര്‍. പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: siyad Cocker shares a funny experience with mammootty during the shoot of oru maravathoor kanav 

We use cookies to give you the best possible experience. Learn more