മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥി വേഷവുമുണ്ടായിരുന്നു. നിരഞ്ജന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് ഉണ്ടായത്.
മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തിയ മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നിര്‍മാതാവ് സിയാദ് കോക്കര്‍ പ്രഖ്യാപിച്ചത്. സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും കാണുമെന്നും സിയാദ് കോക്കര്‍ അന്ന് പറഞ്ഞിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി കൂടുതല്‍ സംസാരിക്കുകയാണ് ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സിയാദ് കോക്കര്‍.
‘പുതിയ ജനറേഷനെ വെച്ചിട്ടാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം സെക്കന്റ് പാര്‍ട്ട് ആലോചിക്കുന്നത്. വേറെ ഒരു ആങ്കിളാണ്, ആദ്യത്തെ സിനിമയിലെ കഥാപാത്രങ്ങളുടെ ഒക്കെ ഇന്റര്‍ഫിയറന്‍സ് ഒക്കെ വരുന്നുണ്ടായിരിക്കാം. ആദ്യസിനിമയുടെ തുടര്‍ച്ച അല്ല. കാരണം ലാല്‍ മരിച്ചു. തുടര്‍ച്ചയായി ചെയ്യുന്നത് മണ്ടത്തരമായിട്ടാണ് തോന്നുന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേം ചെയ്ത വീട് ഇപ്പോഴുമുണ്ട്. ഊട്ടിയിലാണ് ആ ലൊക്കേഷന്‍. അവിടേക്ക് കുറേ യുവാക്കള്‍ വന്ന് കയറുന്നതായിരിക്കും രണ്ടാം ഭാഗം. മഞ്ജുവും കാണും. സുരേഷ് ഗോപിയും ജയറാമുമൊക്കെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.
‘സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിങ് നടക്കുന്നതേയുള്ളൂ. അടുത്ത വര്‍ഷത്തേക്കാണ് അത് പ്ലാന്‍ ചെയ്യുന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേം ഇറങ്ങിയിട്ട് 25 കൊല്ലം തികയുന്നത് അടുത്ത കൊല്ലമാണ്. 25ാം വര്‍ഷം 25ാമത്തെ സിനിമയായി അത് ഷൂട്ട് ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചിത്രത്തിലെ പഴയ അഭിനേതാക്കളുടെ റീപ്ലേസ്‌മെന്റ് വളരെ കഷ്ടമുള്ള കാര്യമായിരിക്കും. ഇമോഷണലിയും ബുദ്ധിമുട്ടുള്ള കാര്യമാണ്. മണിയുമൊക്കെയായി അത്രയും ബന്ധമുണ്ടായിരുന്നു,’ സിയാദ് കോക്കര്‍ പറഞ്ഞു.
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന കുറിയാണ് ഇനി സിയാദ് കോക്കറിന്റെ നിര്‍മാണത്തില്‍ ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രം. ആര്‍. പ്രവീണാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: siyad cocker says The house where Summer in Bethlehem was shot is still there