| Friday, 11th October 2024, 8:42 am

ഒരു ഹർത്താൽ കാരണം മോഹൻലാൽ ആ ചിത്രത്തിലെ നായകനായി, ആദ്യം തീരുമാനിച്ചത് മറ്റൊരാളെ: സിയാദ് കോക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. മിസ്റ്ററി ഹൊറര്‍ ഴോണറില്‍ പെടുന്ന ചിത്രം അന്നത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു.

24 വര്‍ഷങ്ങള്‍ക്ക് ശേഷം സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷനായി ദേവദൂതൻ അണിയറപ്രവര്‍ത്തകര്‍ ഒരിക്കല്‍കൂടി ബിഗ്‌ സ്‌ക്രീനിലെത്തിച്ചു. അനാവശ്യമായിട്ടുള്ള രംഗങ്ങള്‍ മുറിച്ചുമാറ്റി റീ റിലീസ് ചെയ്ത ദേവദൂതനെ പ്രേക്ഷകര്‍ സ്വീകരിച്ചു. പഴയതിലും മികച്ച ശബ്ദമികവില്‍ വന്ന ചിത്രത്തിന്റെ തിരിച്ചുവരവ് സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു.

സിയാദ് കോക്കറായിരുന്നു ചിത്രം നിർമിച്ചത്. തമിഴ് നടൻ മാധവനെ നായകനാക്കിയായിരുന്നു ചിത്രത്തിന്റെ കഥ ആദ്യമായി എഴുതിയതെന്നും എന്നാൽ ഒരു ബന്ദ് കാരണമാണ് മോഹൻലാൽ സിനിമയിലെ നായകനാവുന്നതെന്നും സിയാദ് കോക്കർ പറയുന്നു.

ഹർത്താൽ കാരണം ഒരു ഹോട്ടലിൽ കുടുങ്ങിപ്പോയ മോഹൻലാലിനോട് താൻ ദേവദൂതന്റെ കഥ പറഞ്ഞെന്നും അപ്പോഴാണ് സിനിമ താൻ ചെയ്യാമെന്ന് മോഹൻലാൽ പറഞ്ഞതെന്നും സിയാദ് കോക്കർ പറയുന്നു. മോഹൻലാൽ നായകനായതോടെ സിനിമ വളരെ എളുപ്പമായെന്നും മികച്ച രീതിയിൽ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘രഘുനാഥ് പാലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോൾ ആദ്യം മാധവനെയായിരുന്നു ഞങ്ങൾ നായകനാക്കി നിശ്ചയിച്ചിരുന്നത്. എന്നാൽ അലൈപായുതേ എന്ന സിനിമ ഹിറ്റായതോടെ മാധവന്റെ ഡേറ്റ് പ്രശ്‌നമായി. പാട്ടുകളൊക്കെ അതിനുമുമ്പേ തന്നെ കമ്പോസ് ചെയ്തിരുന്നു. ഇനി ആരെ നായകനാക്കും എന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് ഒരുദിവസം കേരളത്തിൽ ബന്ദ് വരുന്നത്.

ഞാൻ വീട്ടിലിരിക്കുകയായിരുന്നു അന്ന്. അപ്പോൾ ലാലിന്റെ ഫോൺവന്നു. ബന്ദ് കാരണം എറണാകുളത്തെ ഒരു ഹോട്ടലിൽ കുടുങ്ങിപ്പോയെന്നും നിങ്ങൾ ഹോട്ടലിലേക്ക് വരൂ, നമുക്ക് കുറച്ച് സംസാരിച്ചിരിക്കാമെന്നും പറഞ്ഞു ലാൽ പറഞ്ഞു.

അങ്ങനെ ലാൽ താമസിക്കുന്ന ഹോട്ടലിലെത്തി. സംസാരത്തിനിടെ ദേവദൂതൻ്റെ കഥ ലാലിനോട് പറഞ്ഞു. നായകൻ ആരെയാക്കണമെന്ന കൺഫ്യൂഷനിൽ നിൽക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ചെയ്യാം എന്നായി ലാൽ. പിന്നെ ഞങ്ങൾക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

ജയപ്രദയെയും മറ്റൊരു കേന്ദ്രകഥാപാത്രമാക്കി എത്തിച്ചു. അങ്ങനെയാണ് ദേവദൂതൻ തുടങ്ങുന്നത്. ഊട്ടിയിൽ വച്ചായിരുന്നു ഷൂട്ടിങ്. ഒരുപാട് പ്രതിസന്ധികൾ ചിത്രീകരണത്തിനിടയിലുണ്ടായി, ഇടയ്ക്ക് വലിയ മഴ പെയ്‌ത്‌ സെറ്റ് തകരുകയും ഷൂട്ടിങ് മുടങ്ങിപ്പോകുകയും ചെയ്‌തിരുന്നു. എന്നാൽ മികച്ച രീതിയിൽ തന്നെ സിനിമ പൂർത്തിയാക്കാൻ സാധിച്ചു,’സിയാദ് കോക്കർ പറയുന്നു.

Content Highlight: Siyad Cocker about Devadoothan Casting And Mohanlal

We use cookies to give you the best possible experience. Learn more