national news
താനെയില്‍ 16 വയസ്സുകാരി ഒന്നിലേറെ തവണ പീഡനത്തിനിരയായി; പിതാവ് ഒളിവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 27, 10:33 am
Tuesday, 27th August 2024, 4:03 pm

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പതിനാറുകാരിയെ പിതാവ് ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി ബദ്‌ലാപൂര്‍ പൊലീസ്. 54 കാരനായ പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

പ്രതിയായ പിതാവ് പ്രായപൂര്‍ത്തിയാവാത്ത മകളെ തുടരെ മര്‍ദിക്കുകയും പലതവണ ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു.

ആഗസ്റ്റ് 22ന് വീണ്ടും പിതാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് വീട്ടില്‍ നിന്നും ഓടി പോവുകയും പിന്നീട് തിരിച്ചെത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പിതാവിനെതിരായി പെണ്‍കുട്ടിതന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത തന്നെ പിതാവ് നിരവധി തവണ പീഡിപ്പിച്ചുവെന്നും അകാരണമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നും കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് പിതാവിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായസംഹിത പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബി.എന്‍.എസ് സെക്ഷന്‍ 64,74,75,118 എന്നിവ പ്രകാരം ബലാത്സംഗം, അപമര്യാതയായി പെരുമാറുക എന്ന ഉദേശ്യത്തോടെ ക്രിമിനല്‍ ബലപ്രയോഗം നടത്തുക, സെക്ഷ്വല്‍ ഹരാസ്‌മെന്റ്, സ്വമേധയാ ഉപദ്രവിക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബദ്‌ലാപൂരില്‍ തന്നെ ദിവസങ്ങള്‍ക്ക് ശേഷം ഉണ്ടാവുന്ന മറ്റൊരു സംഭവമാണ് ഇത്. സ്വകാര്യ സ്‌കൂളിലെ അറ്റന്‍ഡര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിന്റര്‍ഗാര്‍ഡനില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വന്‍ ജനരോഷം തന്നെ ഉണ്ടായിരുന്നു. ഈ കേസന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

Content Highlight: sixteen year old girl was molested more than once; her father is in hide