കാണ്‍പൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് 100 കോടിയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് ബിസിനസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍.റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എന്‍.ഐ.എയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍ പ്രദേശ് പോലീസ് പ്രതികളെ പിടികൂടുന്നത്.
അറസ്റ്റു ചെയ്തവരില്‍ ഏഴു പേര്‍ ബിസിനസുകാരും 4 പേര്‍ പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നവരും 5 പേര്‍ ഏജന്റുമാരുമാണ്. സെക്ഷന്‍ 420 , 511 , 120B, പ്രത്യേക ബാങ്ക് നോട്ട് ആക്ട് 5/7 എന്നിവ ചാര്‍ത്തിയാണ് എല്ലാവരെയും അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് കാണ്‍പൂര്‍ മേഖലാ ഐ.ജി അലോക് സിങ് പറഞ്ഞു.
ബിസിനസ്കാരനായ ആനന്ദ് കത്രിയും ഇയാളുടെ സഹായിയായ ഒരു ഏജന്റുമാണ് ഇതിന്റെ മുഖ്യ സൂത്രധാരനെന്നും അലോക് സിങ് പറയുന്നു. നോട്ടുകള്‍ മാറുന്നതിനായി വിവിധ ബിസിനസുകാരില്‍ നിന്നും നിരോധിത നോട്ടുകള്‍ ശേഖരിച്ച് സ്വരൂപ് നഗറിലുള്ള വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചു വെക്കുകയാണ് കത്രിയുടെ രീതിയെന്നും പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിന്റെ വിവിധ മേഖലകളില്‍ നിന്നായി നോട്ടുകള്‍ ശേഖരിച്ച് കത്രിയെ ഏല്‍പ്പിക്കുക എന്നതാണ് ഏജന്റിന്റെ ജോലിയെന്നും പൊലീസ് പറയുന്നു.
കാണ്‍പൂര്‍,വാരാണസി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ശേഖരിക്കുന്ന നിരോധിത നോട്ടുകള്‍ ഹൈദരാബാദില്‍ കൊണ്ടുപോയി പുതിയ നോട്ടുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനായി 15 മുതല്‍ 40 ശതമാനം വരെയാണ് ഇവര്‍ കമ്മീഷന്‍ വാങ്ങുന്നതെന്നും പൊലീസ് പറഞ്ഞു.
കാണ്‍പൂരിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് എന്‍.ഐ.എയും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. 2016 നവംബറില്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം നടക്കുന്ന ഏറ്റവും വലിയ നോട്ടുവേട്ടയാണിത്.
കാണ്‍പൂരിലെ സ്വരൂപ് നഗറില്‍ വന്‍ തോതില്‍ നിരോധിത നോട്ടുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയില്‍ നിന്ന് 36 കോടി രൂപയുടെ അസാധു നോട്ടുകള്‍ ഒമ്പത് പേരില്‍ നിന്നായി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കാണ്‍പൂരിലെ അസാധു നോട്ട് ഇടപാടിനെ സംബന്ധിച്ച് രഹസ്യ വിവരം ലഭിക്കുന്നത്.