| Thursday, 10th October 2019, 11:43 am

ഇത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ 'ജ്വാല'

കവിത രേണുക

മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, ഒപ്പം കൂടേണ്ടവരാണ്. കോഴിക്കോട്ടെ ആറു ട്രാന്‍സ്ജെന്‍ഡേഴ്സ് ചേര്‍ന്നാണ് ‘ജ്വാല’ എന്ന പേരില്‍ കുടുംബശ്രീ ആരംഭിക്കുന്നത്. അതിന്റെ ചുവട് പിടിച്ച് തുടങ്ങിയ സംരംഭമായ ‘ജ്വാല’ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ഒക്ടോബര്‍ മൂന്നിന് ടാഗോര്‍ ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. അനുരാധയും സഞ്ചന ചന്ദ്രനും വൈഗ സുബ്രമഹ്ണ്യവും അനുപമയും സാനിയയും തന്‍സിയും ചേര്‍ന്ന് ആരംഭിച്ച ‘ജ്വാല’ ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡേഴ്സ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാവുമ്പോള്‍ സര്‍ക്കാരും സന്നദ്ധ സംവിധാനങ്ങളും കൂടെ നില്‍ക്കുമ്പോള്‍ ഇവിടെ കുറിക്കപ്പെടുന്നത് പുതു ചരിത്രമാണ്.

‘ജ്വാല’ കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിനം മാത്രമല്ല, അതിനപ്പുറം ഒരു സംരംഭം കൂടി വേണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇവര്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആരംഭിച്ചത്. എല്ലാവരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായത് ഇവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ഇപ്പോള്‍ പുതിയ ഓര്‍ഡറുകളും പുതിയ ജീവിതവുമായി തിരക്കിലാണ് ഈ ആറുപേര്‍. ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും മാറി സ്ഥിരമായി ഒരു കെട്ടിടം വേണം എന്നതും ഇതിലൂടെ അവര്‍ ലക്ഷ്യം വെയ്ക്കുന്നു. അതോടൊപ്പം തങ്ങളുടെ പ്രവര്‍ത്തനം മറ്റു ട്രാന്‍സ്ജന്‍ഡേഴ്‌സിനും പ്രചോദനമാവും എന്നുകൂടി അവര്‍ പ്രതീക്ഷിക്കുന്നു.

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ