ശ്രുതി ഹാസ്സന്റെ 34ാം പിറന്നാളാണിന്ന്. സിനിമാമേഖലയില്‍ വ്യത്യസ്ത രംഗങ്ങളില്‍ കഴിവ് തെളിയിച്ചുകൊണ്ട് ശ്രുതി മുന്നേറുകയാണ്. കോളിവുഡ്, ബോളിവുഡ്, ടോളിവുഡ്, ഹോളിവുഡ് എന്നീ മേഖലകളില്‍ അഭിനേത്രിയായി കയ്യൊപ്പ് പതിച്ചുകഴിഞ്ഞു ശ്രുതി. അഭിനേത്രി എന്നതിനപ്പുറം മികച്ച ഗായിക കൂടിയാണ് ശ്രുതി ഹാസ്സന്‍.
ശ്രുതിയുടെ ഹിറ്റ് പാട്ടുകളാണ് ഇവിടെ പ്രേക്ഷകരെ ഓര്‍മപ്പെടുത്തുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1) പൊട്രി പാടടി പൊന്നേ-തേവര്‍ മകന്‍, 1992
ശ്രുതി ഹാസ്സന്റെ ആദ്യ പിന്നണി ഗാനമാണ് പൊട്രി പാടടി പൊന്നേ എന്ന ഗാനം. തേവര്‍ മകന്‍ എന്ന ചിത്രത്തിന് വേണ്ടി മനോയും ടി.കെ.എസ് കലൈവണനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് കോറസ് പാടിയ കൂട്ടത്തില്‍ ശ്രുതി ഹാസനും ഉണ്ടായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത ശിവാജി ഗണേശന്‍, കമല്‍, ഗൗതമി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തേവര്‍മകന്‍.
2) റാം ഹേ റാം- ഹേ റാം, 2000
14 വയസ്സിലാണ് തന്റെ അച്ഛന്‍ കമല്‍ ഹാസ്സന്റെ സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഗാനത്തില്‍ ശ്രുതിയും പങ്കാളിയാവുന്നത്. പാട്ടില്‍ ചെറിയൊരു ഭാഗമേ ശ്രുതി പാടിയിട്ടുള്ളൂവെങ്കിലും അത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഹേ റാം എന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത് കമല്‍ഹാസ്സന്‍ തന്നെയായിരുന്നു.
3) അടിയേ കൊല്ലുതേ-വാരണം ആയിരം,2008
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തിലെ അടിയേ കൊല്ലുതേ എന്ന ഗാനം പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയതാണ്. ശ്രുതിയുടെ ശബ്ദം കൊണ്ട് പാട്ടിന് ഒരു പ്രത്യേക മൂഡ് സൃഷ്ടിക്കാന്‍ കഴിയുന്നുവെന്ന് ആരാധപക്ഷം പറയുന്നു. ഈ ഗാനത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചത് ഹാരിസ്സ് ജയരാജാണ്. സൂര്യ, സമീറാ റെഡ്ഡി, സിമ്രാന്‍, ദിവ്യ സ്പന്ദന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് വാരണം ആയിരം.
4) വാനം ഇല്ലൈ- ഉണൈപോല്‍ ഒരുവന്‍, 2009
ശ്രുതി ഹാസ്സന്‍ എന്ന ഗായികക്ക് വലിയൊരു സ്വീകാര്യത ലഭിച്ച ഗാനമാണ് ഉണൈപോല്‍ ഒരുവന്‍ എന്ന ചിത്രത്തിലെ വാനം ഇല്ലൈ എന്ന ഗാനം. ബ്ലാസ്സി എന്ന ഗായകനൊപ്പം പാടിയ ഗാനം ശ്രുതിയുടെ കരിയറിലെത്തന്നെ വലിയൊരു ചുവടുവെപ്പായിരുന്നു. മെലഡിയും പെപ്പും കൂട്ടിച്ചേര്‍ത്താണ് ഗാനം ചിട്ടപ്പെടുത്തിയത്. ചക്രി ടോലെതിയാണ് ഉണൈപോല്‍ ഒരുവന്‍ എന്ന ചിത്രം സംവിധാനം ചെയ്തത്.
5) യെല്ലേ ലമ-7ാം അറിവ്,2011
താന്‍ അഭിനയിക്കുന്ന ഗാനത്തിന് വേണ്ടി തന്റെ തന്നെ ശബ്ദം നല്‍കുകയായിരുന്നു ഏഴാം അറിവ് എന്ന ചിത്രത്തിലെ യെല്ലേ ലമ എന്ന ഗാനത്തിലൂടെ ശ്രുതി ചെയ്തത്. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഏഴാം അറിവ്. ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ഹാരിസ്സ് ജയരാജ് ആയിരുന്നു.
6)കണ്ണഴക-ത്രീ,2012
ധനുഷും ശ്രുതി ഹാസ്സനും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ത്രീ. ജനനി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ഗാനത്തില്‍ അഭിനയിക്കുന്നതും ശ്രുതി ഹാസ്സനാണ്. കഥാപാത്രത്തിനോടും സിനിമയുടെ പശ്ചാത്തലത്തിനോടും ഇണങ്ങി നില്‍ക്കുന്ന ശബ്ദം ഗാനത്തിന് നല്‍കാന്‍ ശ്രുതിക്ക് കഴിഞ്ഞു. ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത ചിത്രമാണ് ത്രീ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ അച്ഛന്‍ കമല്‍ ഹാസനൊപ്പം ‘ഇളയരാജ 75’ എന്ന പരിപാടിയുടെ വേദിയില്‍ ശ്രുതി ആലപിച്ച ഗാനവും പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയിരുന്നു.