| Saturday, 23rd March 2024, 5:13 pm

ഹിമാചൽ പ്രദേശിൽ അയോ​ഗ്യരാക്കപ്പെട്ട ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ബി.ജെ.പിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ആറ് വിമത എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂരിന്‍റെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ നേരത്തെ അയോഗ്യരാക്കപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ കൂടെ വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് ശേഷമാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് എം.എല്‍.എമാരായിരുന്ന സുധീര്‍ ശര്‍മ, രവി താക്കൂര്‍, രജീന്ദര്‍ റാണ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ചൈതന്യ ശര്‍മ, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ എന്നിവരെ ഫെബ്രുവരി 29നാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

പാര്‍ട്ടി വിപ്പ് ലംഘിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതാണ് നടപടിക്ക് കാരണം. ഒമ്പത് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ഹിമാചലിലെ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എം.എല്‍.എമാരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ കൂറുമാറിയ ആറ് എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ എണ്ണം 34 ആയി കുറഞ്ഞു. 25 എം.എല്‍.എമാരാണ് ബി.ജെ.പിക്ക് ഉള്ളത്.

Content Highlight: Six rebel Congress MLAs, three independents join BJP in Himachal Pradesh

We use cookies to give you the best possible experience. Learn more