ബിജ്നോര്‍: ബി.എസ്.പി നേതാവിന്റെ ഫാമില്‍ പശുവിനെ അറുത്തെന്ന് ആരോപിച്ച് ആറുപേരെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റു ചെയ്തു. ബി.എസ്.പി നേതാവ് രുചി വീരയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്നാണ് ആറുപേരെ അറസ്റ്റു ചെയ്തത്.
ബെഗവാല ഔട്ട്‌പോസ്റ്റിനു സമീപത്തെ ഫാമില്‍ പശുവിനെ അറക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രി നടത്തിയ പരിശോധനയിലാണ് ആറുപേരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് സൂപ്രണ്ട് ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.
‘രുചി വീരയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഫാമില്‍ പശുവിനെ അറക്കുന്നുവെന്ന വിവരം ലഭിച്ചാണ് രാത്രി പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസുകാര്‍ ഫാമിലെത്തുന്നത്. കരിമ്പുപാടത്തിലെ 400 മീറ്ററോളം ഉള്ളിലുള്ള ഫാമിലെത്തിയപ്പോള്‍ 12,13 ആളുകള്‍ ചേര്‍ന്ന് പശുവിനെ അറക്കുന്നത് കണ്ടു. തുടര്‍ന്നാണ് ആറുപേരെ അറസ്റ്റു ചെയ്യുന്നത്.ഏഴുപേര്‍ ഓടിരക്ഷപ്പെട്ടു.’ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.
സിറ്റി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ജാഖാരി ബങ്കാര്‍ വില്ലേജില്‍ നിന്ന് രണ്ടു ക്വിന്റല്‍ ഇറച്ചി കണ്ടെടുത്തതായും 13 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്നും ലക്ഷ്മി നിവാസ് പറഞ്ഞു.
സംഭവത്തില്‍ ജാകരി ബങ്കാറില്‍ നിന്നുള്ള ഷാകു, സാഹിദ്, ഒസാഫ്, സുബൈര്‍, ഗുഫ്റാന്‍, നഈമുദ്ദീന്‍, നാനമു, കാസിവാല വില്ലേജില്‍ നിന്നുള്ള ഷക്കീല്‍, നവീല്‍, തസ്ലിം, റഈസ്, ഫഈം, അബ്റാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതില്‍ ഷാകു, സാഹിദ്, ഒസാഫ്, സുബൈര്‍, നാനു, തസ്ലീം എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയായിരുന്ന രുചി വീര ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാര്‍ട്ടി വിട്ട് ബി.എസ്.പിയിത്തി അവോണ്‍ല മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, പശുവിനെ അറുത്തതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പ്രദേശത്ത് തങ്ങള്‍ക്ക് കൃഷി സ്ഥലമുള്ളത് സത്യമാണെന്നും രുചി വീരയുടെ ഭര്‍ത്താവും ജില്ലാ പഞ്ചായത്ത് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഉദയന്‍ വീര പറഞ്ഞു.
‘ഫാമില്‍ ഒരു കാവല്‍ക്കാരനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിനാണ് ഫാമിന്റെ മുഴുവന്‍ ചുമതല. പശുവിനെ അറുത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് പോലിസാണെന്നും’ അദ്ദേഹം പറഞ്ഞു.