national news
ഇഷ ഫൗണ്ടേഷനില്‍ നിന്നും നിരവധി പേരെ കാണാതായി, തൊട്ടടുത്ത് ശ്മശാനവും; തമിഴ്‌നാട് പൊലീസ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 18, 07:00 am
Friday, 18th October 2024, 12:30 pm

ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നിയന്ത്രണത്തിലുള്ള ഇഷ ഫൗണ്ടേഷനില്‍ നിന്നും പതിനഞ്ച് വര്‍ഷത്തിനിടെ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് റിപ്പോര്‍ട്ട്. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനായ കെ.കാര്‍ത്തികേയന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.

ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഷ ഫൗണ്ടേഷന്‍ പരിസരത്ത് ശ്മശാനമുള്ളതായും ഇവര്‍ കാലഹരണപ്പെട്ട മരുന്നുകള്‍ ഇഷ ഔട്ട് റീച്ച് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് നല്‍കുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജഗ്ഗി വാസുദേവിനെതിരെ കോയമ്പത്തൂര്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പൊലീസ് സൂപ്രണ്ട് കെ.കാര്‍ത്തികേയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 15 വര്‍ഷത്തിനിടെ ആലന്തുരൈ പൊലീസ് സേ്റ്റഷനില്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ആറ് മിസിങ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ അഞ്ച് കേസിലും തുടര്‍ നടപടി ഒഴിവാക്കുകയും കേസ് അവസാനിപ്പിക്കുകയുമാണ് ചെയ്തത്. കാണാതായ ആളെ ഇതുവരെ കണ്ടെത്താത്തതിനാല്‍ മറ്റൊരു കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ക്രിമിനല്‍ നിയമം സെക്ഷന്‍ 174 പ്രകാരം ഏഴ് കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ആവശ്യമുള്ളതും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഫൗണ്ടേഷന്‍ സമീപത്തുള്ള ശ്മശാനത്തിനെതിരെയും കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്മശാനം ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ മിക്കവയ്‌ക്കെതിരെയും പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി അന്വേഷണങ്ങള്‍ സ്ഥാപനത്തിനെതിരെ നടന്നതായും റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നുണ്ട്.

ഭൂമി കൈയ്യേറ്റം, പോക്‌സോ കേസുകള്‍, പീഡനപരാതികള്‍, എന്നിങ്ങനെയുള്ള കേസുകളില്‍ രജിസ്റ്റര്‍ ചെയ്തതും പിന്നീട് പരാതിക്കാര്‍ പിന്മാറിയതുമായ നിരവധി സംഭവങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അടുത്തിടെ ഇഷ ഫൗണ്ടേഷനെതിരായ മറ്റൊരു കേസില്‍ സുപ്രീം കേടതിയും മദ്രാസ് ഹൈക്കോടതിയും ഇടപെട്ടിരുന്നു.

തന്റെ രണ്ട് പെണ്‍മക്കളായ ഗീത കാമരാജ് (42), ലതാ കാമരാജ് (39) എന്നിവരെ ഇഷ ഫൗണ്ടേഷന്‍ അധികൃതര്‍ അവിടെ സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി
തമിഴ്നാട് കാര്‍ഷിക ഗവേഷക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ.എസ് കാമരാജ് നല്‍കിയ ഹരജിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു.

പിന്നാലെ കാമരാജിന്റെ ഹരജി പ്രകാരം കോടതിയില്‍ ഹാജരായ മക്കള്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ ചേര്‍ന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

Content Highlight: Six people have gone missing from Isha Foundation