ജറുസലേം: തീവ്രവാദക്കുറ്റം ആരോപിച്ച് ഇസ്രാഈല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആറ് ഫലസ്തീന്‍ തടവുകാര്‍ ജയില്‍ ചാടി. ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് സാഹസികമായാണ് ഇവര്‍ രക്ഷപ്പെട്ടത്.
വയലില്‍ അസാധാരണമായ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മറ്റ് ഫലസ്തീന്‍ തടവുകാരെ കൂടുതല്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
രക്ഷപ്പെട്ടവരില്‍ നാല് പേര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. പ്രത്യേക തടവിന് വിധിക്കപ്പെട്ട് കഴിയുന്നയാളാണ് മറ്റൊരാള്‍. വിചാരണ കഴിഞ്ഞ് ശിക്ഷാ വിധി കാത്തിരിക്കുന്നയാളാണ് ആറാമന്‍.
ഇവരെ പിടികൂടുന്നതിനായി പൊലീസും സൈന്യവും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തുകയാണ്.
അല്‍ അഖ്സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രാഈലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ. സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെയാണ് ഗില്‍ബോവ ജയില്‍. ഭീകരവാദമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഫലസ്തീന്‍കാരാണ് ഇവിടത്തെ തടവുകാരിലേറെയും. അതീവസുരക്ഷാ ക്രമീകരണങ്ങള്‍ നിലവിലുള്ള ജയിലാണ് ഇത്.
കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാര്‍ കുഴിച്ചുണ്ടാക്കിയതാണ് ഈ തുരങ്കമെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ഒരേ സെല്ലില്‍ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ജയില്‍ ചാട്ടമെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Six Palestinian militants escape from high-security Israeli prison