അയോധ്യ രാമക്ഷേത്രത്തിലെ ചോർച്ച; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
national news
അയോധ്യ രാമക്ഷേത്രത്തിലെ ചോർച്ച; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2024, 2:31 pm

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോർച്ചയിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാവുകയും ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വെള്ളക്കെട്ടുണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റന്റ് എഞ്ചിനീയർ അനൂജ് ദേശ് വാൾ, ജൂനിയർ എൻജിനിയർ പ്രഭാത് പാണ്ഡെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

സ്പെഷ്യൽ സെക്രട്ടറി വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയർ വി.കെ. ശ്രീവാസ്തവാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

രാമക്ഷേത്രത്തിന്റെ നിർമാണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തിൽ ചോർച്ചയുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. കനത്ത മഴയെ തുടർന്ന് മേൽക്കൂരയിൽ നിന്നും വെള്ളം ചോരുകയായിരുന്നു.

അതേസമയം ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയില്ലെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ചൗഹാൻ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: Six officials suspended in ayodhya incident