| Wednesday, 6th September 2023, 4:09 pm

അദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപം നടത്തിയ ആറ് ഫണ്ടുകൾ പിൻവലിച്ചതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബർമുഡയിൽ നിന്നും മൗറീഷ്യസിൽ നിന്നും വ്യാജക്കമ്പനികൾ വഴി അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്നതിനായി അദാനിയുമായി ബന്ധപ്പെട്ടവർ ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെട്ട എട്ട് ഫണ്ടുകളിൽ ആറ് എണ്ണം പിൻവലിച്ചുവെന്ന് റിപ്പോർട്ട്. ഫണ്ടുകൾ പിൻവലിച്ചതോടെ നിക്ഷേപം കൊണ്ട് യഥാർത്ഥത്തിൽ പ്രയോജനം നേടിയവർ ആരെന്ന് കണ്ടെത്താൻ സെബിക്ക് (സെക്യൂരിറ്റി ആൻഡ് എക്സ്ചെയ്ഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വെല്ലുവിളിയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് (ഒ.സി.സി.ആർ.പി) പുറത്തുവിട്ട റിപ്പോർട്ടിലായിരുന്നു വ്യാജ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിൽ അദാനിയുടെ കുടുംബവുമായി ബന്ധപ്പെട്ടവർ രഹസ്യ നിക്ഷേപം നടത്തിയെന്ന ആരോപണം ഉയർന്നത്.

2020ൽ സെബി ആരംഭിച്ച അന്വേഷണത്തെ തുടർന്നാണ് ഫണ്ടുകൾ പിൻവലിക്കപ്പെട്ടതെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.

‘ഇപ്പോൾ പിൻവലിച്ച ഫണ്ടുകളെ കുറിച്ച് അന്വേഷണം നടത്താൻ സെബി വളരെ മുമ്പ് തന്നെ തീരുമാനിച്ചതിനാൽ അവയ്ക്ക് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൈകാര്യം ചെയ്യുന്നതിൽ പങ്ക് വഹിക്കാൻ കഴിഞ്ഞോ എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടാകും. എന്നാൽ ഈ ഫണ്ടുകൾ പിൻവലിച്ചതോടെ ഇവയുടെ യഥാർത്ഥ ഗുണഭോക്താവ് ആരാണെന്ന് കണ്ടെത്തുവാൻ സെബിക്ക് പ്രയാസമാകും,’ മിന്റ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഇത്തരം പൊതു ഫണ്ടുകൾ പിൻവലിക്കുന്നത് അതിശയകരമാണെന്നും സാധാരണ അവയ്ക്ക് ദീർഘകാലാവധി ഉണ്ടാകുമെന്നും റെഗുലേറ്ററി അധികാരികൾ പറഞ്ഞു. 2005 ജനുവരിയിൽ ബർമുഡയിൽ രജിസ്റ്റർ ചെയ്ത ഗ്ലോബൽ ഓപ്പർച്യൂണിറ്റിസ് ഫണ്ട് 2006 ഡിസംബറിൽ പിൻവലിച്ചിരുന്നു.

മൗറീഷ്യസ് ആസ്ഥാനമായ അസെന്റ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2010 ഏപ്രിലിൽ സ്ഥാപിക്കുകയും 2019 ജൂണിൽ പ്രവർത്തനരഹിതമാവുകയും ചെയ്തു. 2009 ഡിസംബറിൽ തുടങ്ങിയ ലിംഗോ ട്രേഡിങ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2015 മാർച്ചിലാണ് അടച്ചുപൂട്ടിയത്. മിഡ് ഈസ്റ്റ് ഓഷ്യൻ ട്രേഡ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2011 സെപ്റ്റംബറിൽ സ്ഥാപിക്കുകയും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അടച്ചുപൂട്ടുകയും ചെയ്തു.

2010 മേയിൽ ഇ.എം റീസർജന്റ് ഫണ്ട് രൂപീകരിക്കുകയും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അടച്ചുപൂട്ടുകയും ചെയ്തു. ഏഷ്യാ വിഷൻ ഫണ്ട് 2010 മേയിലാണ് സ്ഥാപിതമായത്. 2020 ഏപ്രിലിൽ ലിക്വിഡേറ്റർമാരെ നിയമിച്ചു. ഇപ്പോൾ അവസാനിപ്പിക്കാനുള്ള നടപടികളിലാണ്. 2008ൽ ആരംഭിച്ച എമേർജിങ് ഇന്ത്യ ഫോക്കസ് ഫണ്ട് ഇപ്പോഴും സജീവമാണെന്നും മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

സാധാരണ ഒരു ഫണ്ട് പിൻവലിക്കുന്നത് കമ്പനി കടക്കെണിയിലാകുമ്പോഴോ അത് കൈമാറ്റം ചെയ്യുമ്പോഴോ ആണ്.

Content Highlight: Six of eight funds used to invest in Adani Group stocks now closed: Report

Latest Stories

We use cookies to give you the best possible experience. Learn more