ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ആര്‍.എസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ആറ് എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി രേവന്ത റെഡ്ഡിയുടെയും എ.ഐ.സി.സി ചുമതലയുള്ള ദീപാദാസ് മുന്‍ഷിയുടെയും സാന്നിധ്യത്തിലാണ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ദണ്ഡേ വിറ്റല്‍, ഭാനു പ്രസാദ്, ഭയാനന്ദ് ബുഗ്ഗാരപ്പു, പ്രഭാകര്‍ റാവു, യേഗേ മല്ലേശം, ബസവരാജ സരയ്യലു എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിലിൽ കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി. നിയമസഭയില്‍ 39ല്‍ നിന്ന് 33 ആയി ബി.ആര്‍.എസിന്റെ അംഗബലം കുറയുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, എം.എല്‍.എമാരായ കഡിയം ശ്രീഹരി, ദാനം നാഗേന്ദര്‍, തെല്ലം വെങ്കട്ട് റാവു എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവരെ കൂടാതെ ഹൈദരാബാദ് മേയര്‍ വിജയലക്ഷ്മി ആര്‍. ഗദ്വാള്‍ ഉള്‍പ്പെടെ നിരവധി ബി.ആര്‍.എസ് നേതാക്കളും ബി.ആര്‍.എസ് വിട്ടിരുന്നു.
നേരത്തെ ബി.ആര്‍.എസ് എം.എല്‍.എമാരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ആര്‍.എസ് നേതാവ് ശ്രാവണ്‍ ദാസോജു പ്രതികരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടപ്പിലാക്കിയ നിയമങ്ങള്‍ക്ക് എതിരായാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ബി.ആര്‍.എസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് ഭരണപക്ഷത്ത് ചേരാന്‍ ആരംഭിച്ചത്.
Content Highlight: Six MLAs of BRS party joined Congress