യുനസ്‌കോ ഇസ്രായേലിനെ ചൊടിപ്പിച്ച ആറ് സന്ദര്‍ഭങ്ങള്‍
Daily News
യുനസ്‌കോ ഇസ്രായേലിനെ ചൊടിപ്പിച്ച ആറ് സന്ദര്‍ഭങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2017, 3:36 pm

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുനെസ്‌കോ. ഇപ്പോള്‍ ഇസ്രായേല്‍ വിരുദ്ധത ആരോപിച്ച് അമേരിക്ക പുറത്തുപോയതോടെ യുനെസ്‌കോ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ഇസ്രായേലിനെതിരായ യുനെസ്‌കോയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് പിന്മാറുന്നതെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞത്. നിസാരമായി എടുത്ത തീരുമാനമല്ലെന്നും യുനസ്‌കോ പൊളിച്ചെഴുതേണ്ടതുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നൗവേര്‍ട്ട് പറഞ്ഞിരുന്നു.

ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേല്‍ അനുകൂല നിലപാട് ശക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട നിക്കി ഹാലെ പറഞ്ഞത് യു.എന്നിന്റെ ഇസ്രായേല്‍ വിരുദ്ധ നടപടികളെ എതിര്‍ക്കാന്‍ വന്നതാണെന്നായിരുന്നു.

അമേരിക്കയുടെ നടപടിയില്‍ സന്തോഷമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കയ്ക്ക് പിന്നാലെ യുനസ്‌കോയില്‍ നിന്ന് പുറത്തുപോകാനും തീരുമാനിച്ചിരുന്നു.
യുനസ്‌കോ ഇസ്രായേലിനെ ചൊടിപ്പിച്ച ആറ് സന്ദര്‍ഭങ്ങള്‍

യുനസ്‌കോ പലസ്തീന് അംഗത്വം നല്‍കി

 

 

പൂര്‍ണ്ണ അംഗത്വമെന്ന പലസ്തീന്റെ ആവശ്യം ആംഗീകരിച്ച ആദ്യ യു.എന്‍ ഏജന്‍സിയാണ് യുനസ്‌കോ. ഇതേ തുടര്‍ന്ന് പലസ്തീന്‍ അതോറിറ്റിക്ക് നല്‍കാനിരുന്ന 100 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം ഇസ്രായേല്‍ നിര്‍ത്തിവെച്ചിരുന്നു.

 ഇസ്രയേലിനെ കുറിച്ചുള്ള എക്‌സിബിഷന്‍ യുനെസ്‌കോ തടഞ്ഞത്

 

ഇസ്രായേലിലെ ജൂതസാന്നിധ്യത്തെ കുറിച്ച് 2014 ജനുവരിയില്‍ പാരീസ് ആസ്ഥാനത്ത് നടത്തേണ്ടിയിരുന്ന എക്‌സിബിഷന്‍  യുനസ്‌കോ തടഞ്ഞിരുന്നു. പലസ്തീന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു യുനസ്‌കോയുടെ നടപടി.

പലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന എക്‌സിബിഷന്‍ അനുവദിക്കുന്നത് രാഷ്ട്രീയപരമായും നിയമപരമായും തെറ്റാണെന്നും ഇത് സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്നും പലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് ജൂണില്‍ എക്‌സിബിഷന്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. എക്‌സിബിഷന്റെ പേരില്‍ നിന്നും ഇസ്രായേലിന്റെ പേര് മാറ്റിയായിരുന്നു അനുമതി.

 യേശുവിന്റെ മാമോദീസ സ്ഥലമായി ജോര്‍ദാനെ അംഗീകരിച്ചത്

 

യേശുവിന്റെ മാമോദീസ സ്ഥലമായ ജോര്‍ദാന്റെ ഭാഗത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന് കീഴിലുള്ള ഭാഗത്തായിരുന്നു ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയിരുന്നത്. യുനസ്‌കോയുടെ നടപടി ടൂറിസം രംഗത്ത് ഇസ്രായേലിന് തിരിച്ചടിയായിരുന്നു.

 അല്‍ അഖ്‌സ വിഷയത്തില്‍ ഇസ്രായേലിനെതിരെ പ്രമേയം

 

മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട ഇസ്രായേല്‍ നയങ്ങളെ വിമര്‍ശിച്ച് യുനസ്‌കോ പ്രമേയം പാസാക്കിയത് ഇസ്രായേല്‍ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് യുനസ്‌കോയുമായുള്ള ബന്ധം ഇസ്രായേല്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

മുസ്‌ലിംകള്‍ക്ക് പ്രദേശത്ത് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇസ്രായേല്‍ നടപടിയേയും പോലീസിന്റെയും സേനയുടെയും ആക്രമണങ്ങളെയും പ്രമേയം അപലപിച്ചിരുന്നു. ഇസ്രായേല്‍ അധിനിവേശ ശക്തിയാണെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു

 ഗാസ വിഷയത്തില്‍ ഇസ്രായേലിനെതിരെ പ്രമേയം

 

ഗാസയിലെയും ജെറുസലേമിലെയും ഇസ്രായേല്‍ അതിക്രമങ്ങളെ അപലപിച്ച് യുനസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡ് 2017 മെയ് മാസം പ്രമേയം പാസാക്കിയിരുന്നു. ജറുസലേം ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലാണെന്ന് പറയുന്ന പ്രമേയം ഗാസ ഉപരോധത്തെയും വിമര്‍ശിച്ചിരുന്നു.

പ്രമേയത്തെ പിന്തുണച്ചതിന്റെ പേരില്‍ സ്വീഡിഷ് അംബാസഡറെ ഇസ്രായേല്‍ വിളിച്ചുവരുത്തിയിരുന്നു. പ്രമേയത്തെ പിന്തുണച്ച ഏക യൂറോപ്യന്‍ രാഷ്ട്രമായിരുന്നു സ്വീഡന്‍.

 വെസ്റ്റ് ബാങ്കിലെ പഴയ നഗരമായ ഹെബ്രോണും ശവകുടീരവും പലസ്തീന്‍ പൈതൃക നഗരമായി പ്രഖ്യാപിച്ചത്

 

അധിനിവേശ വെസ്റ്റ് ബാങ്കിലെ പഴയ നഗരമായ ഹെബ്രോണും ശവകുടീരവും ജൂലായില്‍ യുനെസ്‌കോ ലോകപൈതൃകപദവി നല്‍കിയത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ കടുത്ത പ്രതിഷേധം മറികടന്നാണു തീരുമാനം. ഈ രണ്ട് സ്ഥലങ്ങളും അപകടകരമായ മേഖലയെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് അമേരിക്ക യുനസ്‌കോയെ എതിര്‍ക്കുന്നത്

പലസ്തീനെ അംഗീകരിച്ചതോടെ 1990ല്‍ യു.എന്‍ ഏജന്‍സികള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കാന്‍ യു.എസ് കോണ്‍ഗ്രസ് നിയമംനിര്‍മിച്ചത് മുതലാണ് അമേരിക്കയുടെ എതിര്‍പ്പ് ആരംഭിക്കുന്നത്.

 

2011ല്‍ പലസ്തീനെ തങ്ങളുടെ 195ാമത് അംഗരാഷ്ട്രമായി പലസ്തീനെ യുനസ്‌കോ അംഗീകരിച്ചതിന് പിന്നാലെ
എല്ലാ കൊല്ലവും യുനസ്‌കോയ്ക്ക് നല്‍കുന്ന 70 മില്ല്യണ്‍ ഡോളര്‍ സഹായം അമേരിക്ക നിര്‍ത്തിവെച്ചിരുന്നു.

യുനസ്‌കൊയുടെ ഭാഗമായി തുടര്‍ന്നെങ്കിലും 2011 മുതലുള്ള 600 മില്ല്യണ്‍ ഡോളര്‍ സംഘടനയ്ക്ക് നല്‍കാന്‍ അമേരിക്ക തയ്യാറായിരുന്നില്ല. കുടിശ്ശിക തീര്‍ക്കാനുള്ളതും യുനസ്‌കോയില്‍ നിന്നും പുറത്തുപോകാനുള്ള കാരണമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് ചൂണ്ടിക്കാണിച്ചിരുന്നു.

ഇതിന് മുമ്പും അമേരിക്ക യുനസ്‌കോയില്‍ നിന്ന് വിട്ടുനിന്നിരുന്നു

സോവിയറ്റ് യൂണിയനുമായുള്ള ഭിന്നതയെ തുടര്‍ന്ന് 1984ല്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ യുനസ്‌കോയില്‍ നിന്നും വിട്ടുപോരാന്‍ തീരുമാനമെടുത്തിരുന്നു. 2002ല്‍ ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കാലത്ത് വീണ്ടും സംഘടനയുടെ ഭാഗമാകുകയായിരുന്നു.

കടപ്പാട്: ഹാരെറ്റ്‌സ്, ദ സാന്‍ഡിയാഗോ യൂണിയന്‍ ട്രിബ്യൂണ്‍