ന്യൂദല്‍ഹി: ഫോര്‍ബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറു മലയാളികളും. ആസ്തികള്‍ മുഴുവന്‍ കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുത്തൂറ്റ് കുടുംബമാണ് കേരളത്തിലെ അതിസമ്പന്നര്‍. 6.40 ബില്യണ്‍ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ ആസ്തി.
വ്യക്തിഗത അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 5.0 ബില്യണ്‍ ഡോളറോടെ (37,500 കോടി രൂപ) അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ 38ാം സ്ഥാനത്താണ് യൂസഫലി.
ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥും ഭാര്യ ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണന്‍ (30,335 കോടി രൂപ), രവി പിള്ള (18,50 കോടി രൂപ), എസ്.ഡി. ഷിബുലാല്‍ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.
കഴിഞ്ഞ വര്‍ഷത്തെ 25.2 ബില്യണ്‍ ഡോളറില്‍ നിന്നും 74.8 ബില്യണ്‍ ഡോളറിലേക്കെത്തിച്ചാണ് ഗൗതം അദാനി പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.
സോഫ്റ്റ് വെയര്‍ ഭീമന്‍ എച്ച്.സി.എല്ലിന്റെ സ്ഥാപകന്‍ ശിവ് നാടാര്‍ (31 ബില്യണ്‍) രാധാകൃഷ്ണന്‍ ധാമനി (29.4 ബില്യണ്‍) എന്നിവരാണ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍.
ഫോര്‍ബ്‌സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ 100 അതിസമ്പന്നരുടെ ആസ്തി 257 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു. 50 ശതമാനം വര്‍ധനയാണ് ഇതില്‍ ഉണ്ടായത്. ഈ നൂറ് പേരുടെയും മൊത്തം ആസ്തി 775 ബില്യണ്‍ ഡോളറാണ്.