ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ക്രിക്കറ്റ് ലീഗാണ് ഐ.പി.എല്‍. കളി മികവ് കൊണ്ടും ആരാധക പിന്തുണകൊണ്ടും മറ്റുള്ള ലീഗുകളെക്കാള്‍ ഒരുപാട് മുന്നിലാണ് ഐ.പി.എല്‍.
ഇപ്പോഴിതാ ഐ.പി.എല്‍, ബി.ബി.എല്‍, ദി ഹണ്ട്രഡ് മോഡലില്‍ പുതിയ ലീഗ് ആരംഭിക്കാനുള്ള നീക്കത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണാഫ്രിക്കന്‍ ലീഗിലേക്കുള്ള ആറ് ടീമുകളെ ഐ.പി.എല്‍ ടീമുടമകള്‍ സ്വന്തമാക്കിയെന്നാണ്.
ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലം ജൂലൈ 13ആം തീയതി തന്നെ അവസാനിച്ചിരുന്നു. എന്നാല്‍ ആരൊക്കെയാണ് ലേലം വിളിയില്‍ വിജയിച്ചതെന്ന് പുറത്തുവിട്ടിട്ടില്ല. 29 ഫ്രഞ്ചൈസികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലേലത്തില്‍ ആറ് ടീമുകളെ ഐ.പി.എല്ലിന്റെ ടീമുടമകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
അടുത്ത വര്‍ഷം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്ന് വമ്പന്‍ പേരുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ഉടമയായ മുകേഷ് അംബാനി, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമയായ എന്‍ ശ്രീനിവാസന്‍, ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമയായ പാര്‍ത്ഥ ജിനദല്‍ എന്നിവരാണ് ടീമുകളെ സ്വന്തമാക്കിയ മൂന്ന് ഉടമകള്‍.