ലണ്ടന്‍: ആഗോള കണ്‍സല്‍ട്ടന്‍സി കമ്പനിയായ “ബ്രാന്‍ഡ് ഫൈനാന്‍സ്” തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച 500 ബ്രാന്‍ഡുകളില്‍ ഇന്ത്യയില്‍ നിന്നും ആറ് ബ്രാന്‍ഡുകള്‍ മാത്രമാണ് ഇടംപിടിച്ചത്. ആദ്യ 50 ബ്രാന്‍ഡുകളിലാകട്ടെ ഇന്ത്യയില്‍ നിന്ന് ഒറ്റ ബ്രാന്‍ഡ് മാത്രം-ടാറ്റ.
എയര്‍ടെല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഇന്‍ഫോസിസ് എന്നിവയാണ് പട്ടികയിലുള്ള മറ്റു ഇന്ത്യന്‍ ബ്രാന്‍ഡുകള്‍. കഴിഞ്ഞ തവണ ഒന്‍പത് ഇന്ത്യന്‍ ബ്രാന്‍ഡുകളാണ് പട്ടികയിലുണ്ടായിരുന്നത്. ബി.പി.സി.എല്‍, വിപ്രൊ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ഇത്തവണ പട്ടികയില്‍ നിന്നും പുറന്തള്ളപ്പെട്ടത്.
മുന്‍തവണത്തേതില്‍ നിന്നും ടാറ്റയും എയര്‍ടെല്ലും ഇന്‍ഫോസിസും പട്ടികയില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവ പട്ടികയില്‍ പിന്നോട്ട് പോയിരിക്കുകയാണ്. ആദ്യ 50 ല്‍ എത്തിയ ടാറ്റ 44-ാം സ്ഥാനത്താണ് പട്ടികയില്‍. കഴിഞ്ഞ തവണ 50-ാം സ്ഥാനത്തായിരുന്നു ടാറ്റ.
വിലക്കയറ്റത്തിന്റെയും യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കിയതാണ് ടാറ്റയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തിയതെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് പറയുന്നു.
കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തായിരുന്ന ആപ്പിള്‍ ഗൂഗിളിനെ പിന്നിലാക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കി.