ചെന്നൈ: തിരുനെല്‍വേലിയില്‍ രണ്ട് ദളിത് യുവാക്കളെ വിവസ്ത്രരാക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത ആറു യുവാക്കളെ തിരുനെല്‍വേലി പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ എസ്. മനോജ് കുമാര്‍ (21) മാരിയപ്പന്‍ (19) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമം നടത്തിയ മരവര്‍ സമുദായത്തില്‍പ്പെട്ട തിരുനെല്‍വേലി സ്വദേശികളായ പൊന്‍മണി, നല്ലമുത്ത്, ആയിരം,രാമര്‍, ലക്ഷ്മണന്‍, ശിവ എന്നിവരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രി 7.30 ഓടെ കുളിക്കാന്‍ നദിയിലേക്ക് പോയപ്പോള്‍ തങ്ങളെ ഒരു സംഘം വന്ന് ആക്രമിക്കാന്‍ തുടങ്ങിയതായി മാധ്യമങ്ങളോട് ആശുപത്രിയില്‍ വെച്ച് ഇരകള്‍ പറഞ്ഞു. ഇവര്‍ ദളിതരാണെന്ന് അറിഞ്ഞതോടെ സംഘം ആക്രമണം ശക്തമാക്കുകയും വസ്ത്രമഴിക്കാന്‍ ആവശ്യപ്പെടുകയും ദേഹത്തേക്ക് മൂത്രമൊഴിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും വെള്ളി ആഭരണങ്ങളും അക്രമികള്‍ തട്ടിയെടുത്തു. മോഷ്ടാക്കള്‍ പണം ആവശ്യപ്പെടുകയും 5000 രൂപ ഓണലൈനയി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും ചെയ്തു. രാത്രി 7.45 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ആക്രമികള്‍ പീഡനം തുടര്‍ന്നതായി അവര്‍ പറഞ്ഞു.
സംഭവത്തെ കവര്‍ച്ചയായി മാത്രം ചിത്രീകരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വിടുതലൈ ചിരുതൈകള്‍ കച്ചി ജില്ലാസെക്രട്ടറി എം.സി ശേഖരും പ്രദേശിക പ്രവര്‍ത്തകന്‍ മുരുകന്‍ കണ്ണനും ആരോപിച്ചു. കേസില്‍ നീതിയുക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് കമ്മീഷണര്‍ സി.മഗേശ്വരി പറഞ്ഞു.
CONTENT HIGHLIGHT :Six held for assaulting, urinating on two Dalit youths in Tamil Nadu