റഷ്യന്‍ ആക്രമണത്തില്‍ ഉക്രൈയിനിലെ ആറ് എംബസി കെട്ടിടങ്ങള്‍ തകര്‍ന്നു
World News
റഷ്യന്‍ ആക്രമണത്തില്‍ ഉക്രൈയിനിലെ ആറ് എംബസി കെട്ടിടങ്ങള്‍ തകര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2024, 9:37 am

കിയവ്: റഷ്യന്‍ ആക്രമണത്തില്‍ ഉക്രൈനിലെ ആറ് എംബസി കെട്ടിടങ്ങള്‍ തകര്‍ന്നു. അര്‍ജന്റീന, അംബേനിയ, നോര്‍ത്ത് മാസഡോണിയ, ഫലസ്തീന്‍, പോര്‍ച്ചുഗീസ്, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളുടെ എംബസികള്‍ക്കാണ് റഷ്യന്‍ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചത്.

വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തെ തുടര്‍ന്നായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചികിത്സ തുടരുന്നതായും കിയവ് സിറ്റി മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ഉക്രൈന് നേരെ റഷ്യ അഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് പ്രയോഗിച്ചത്. ഉക്രേനിയന്‍ വ്യോമസേന ഇവ തടഞ്ഞിട്ടെന്ന് ഉക്രെയ്നിന്റെ എയര്‍ഫോഴ്സ് കമാന്‍ഡ് അറിയിച്ചു.

മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് അവശേഷിക്കുന്ന അവയുടെ അവശിഷ്ടങ്ങള്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.

പിന്നാലെ അതിര്‍ത്തി പ്രദേശമായ കുര്‍ക്‌സിലെ റീല്‍സ്‌ക് പട്ടണത്തില്‍ ഉക്രൈന്‍ റഷ്യയെ തിരിച്ചടിച്ചു. ഈ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ഏതാനും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം തങ്ങളുടെ ആക്രമണം പ്രതികാര നടപടിയാണെന്ന് റഷ്യ അറിയിച്ചു. കഴിഞ്ഞാഴ്ച റഷ്യയിലെ രാസവസ്തു നിര്‍മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഉക്രൈന്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണം പാശ്ചാത്യ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടിയാണ് റഷ്യ ഇപ്പോള്‍ ഉക്രൈനെ ആക്രമിച്ചത്.

ഉക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ ഹീനപ്രവൃത്തിയെന്ന് യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അന്താരാഷ്ട്ര നിയമലംഘനം പരിധിവിട്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ ഉര്‍സുല ഫോണ്ടെലെയ്ന്‍ പറഞ്ഞു.

അടുത്തിടെ ഉക്രൈനെതിരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിച്ചിരുന്നു. ആദ്യമായാണ് ഒരു രാജ്യത്തിന് നേരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിക്കുന്നത്.

5,800 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ പതിച്ചത് യുക്രൈനിലെ നിപ്രോയിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് നേരെയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാന്‍ ബൈഡന്‍ ഭരണകൂടം ഉക്രൈന് അനുമതി നല്‍കിയതോടെ ആണവനയത്തില്‍ മാറ്റം വരുത്തുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം നടന്നത്.

Content Highlight: Six embassy buildings in Ukraine were destroyed in the Russian attack