ഭുവനേശ്വര്‍: ദുര്‍മന്ത്രവാദം ആരോപിച്ച് ആറു വയോധികരെ ആള്‍ക്കൂട്ടം ആക്രമിച്ചു. മലം തീറ്റിക്കുകയും പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തു. ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഗോപാര്‍പൂര്‍ എന്ന സ്ഥലത്താണ് സംഭവം.
സംഭവത്തില്‍ 22 സ്ത്രീകളടക്കം 29 പേരെ അറസ്റ്റ് ചെയ്തതായി എസ്.പി ബ്രിജേഷ് റായ് പറഞ്ഞു. 60 വയസ്സ് പിന്നിട്ടവരാണ് ആക്രമണത്തിന് ഇരയായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗ്രാമത്തില്‍ അടുത്തിടെ മൂന്നു സ്ത്രീകള്‍ മരണപ്പെടുകയും ഏഴു സ്ത്രീകള്‍ അസുഖം ബാധിച്ച് കിടപ്പിലാവുകയും ചെയ്തിരുന്നു. ഇതിനു കാരണം ഈ വയോധികരുടെ ദുര്‍മന്ത്രവാദമാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിച്ചത്.
കഴിഞ്ഞദിവസം രാത്രിയില്‍ ഇവരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ സ്ത്രീകളടങ്ങിയ ആള്‍ക്കൂട്ടം ഇവരെ വലിച്ചിഴച്ച് പുറത്തേക്കിറക്കി. തുടര്‍ന്ന് ബലം പ്രയോഗിച്ച് മലം തീറ്റിക്കുകയും വിസ്സമ്മതിച്ചപ്പോള്‍ അടിച്ച് പല്ല് കൊഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആരും ഇവരെ തടയാന്‍ ശ്രമിച്ചില്ല. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മര്‍ദ്ദനമേറ്റ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികരുടെ നില ഗുരുതരമല്ലെന്നും അവര്‍ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും എസ്.പി പറഞ്ഞു.