| Monday, 8th August 2022, 2:32 pm

സോളമന്‍ മുതല്‍ ഷെഖാവത്ത് വരെ; ഫഹദിന്റെ കരിയറിലെ വ്യത്യസ്തമായ ആറ് കഥാപാത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിക്ക് പുറത്തേക്ക് പോവുക, ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തി വ്യത്യസ്ത വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമ ശ്രദ്ധിക്കുന്ന താരമായി വളരുക. ആദ്യസിനിമയുടെ പരാജയമേല്‍പ്പിച്ച മുറിവായിരിക്കാം പതിന്മാടങ്ങ് ശക്തിയോടെയുള്ള തിരിച്ചുവരവില്‍ ഫഹദിന്റെ ഊര്‍ജം.

കഥാപാത്രങ്ങളിലെ വേഴ്‌സറ്റാലിറ്റി കൊണ്ടും തീവ്രമായ അഭിനയ ശൈലി കൊണ്ടും കേരളത്തിന് പുറത്തേക്കും വലിയ ഫാന്‍ബേസാണ് ഇന്ന് ഫഹദിനുള്ളത്. ആമേനില്‍ നിന്നും കുമ്പളങ്ങി നൈറ്റ്‌സിലെത്തുമ്പോഴും അവിടെ നിന്ന് പ്രകാശനും വരത്തനും മുതല്‍ മലയന്‍കുഞ്ഞിലേക്ക് വരെ എത്തുമ്പോഴും ഒരു സാമ്യവുമില്ലാത്ത കഥാപാത്രങ്ങളെ ഏറ്റവും പൂര്‍ണതയോടെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ഫഹദിന്റെ സിനിമകളില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള ടാസ്‌കാണ്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. അതിനാല്‍ മികച്ചത് എന്ന ഫീച്ചര്‍ മാറ്റിവെച്ച് ഏറ്റവും വ്യത്യസ്തമായ ആറ് കഥാപാത്രങ്ങളെ ലിസ്റ്റ് ചെയ്യുകയാണ് ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍.

ആമേന്‍

അതുവരെ ഫഹദ് ചെയ്തുവെച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ആമേനിലെ സോളമന്‍. ശോശന്നയെ സ്‌നേഹിക്കുന്ന, പള്ളിയുടെ ബാന്റ് സംഘത്തില്‍ ക്ലാരിനെറ്റ് വായിക്കാന്‍ ആഗ്രഹിക്കുന്ന, ആരെയും എതിര്‍ത്ത് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത, നിഷ്‌കളങ്കനായ സോളമന്‍ ഫഹദിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2013ലാണ് ചിത്രം പുറത്തിറങ്ങുന്നത്.

പുഷ്പ

അല്ലു അര്‍ജുന്റെ പുഷ്പ കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവാത്ത കഥാപാത്രമാണ് ബന്‍വര്‍ ഷെഖാവത്ത്. ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും നായകനോളം പോന്ന, അല്ലെങ്കില്‍ ശക്തിയേറിയ വില്ലന്‍ അല്ലു അര്‍ജുന്റെ സിനിമയിലെത്തുന്നത്. സൈക്കോ പൊലീസുകാരനായെത്തിയ ഫഹദിന്റെ സാന്നിധ്യം ചിത്രത്തിന് നേടികൊടുത്തത് ചില്ലറ ഹൈപ്പൊന്നുമല്ല. അവസാന രംഗങ്ങളില്‍ മാത്രമാണ് ഫഹദ് എത്തിയതെങ്കിലും വലിയ ഇംപാക്റ്റ് ആണ് ഈ രംഗങ്ങള്‍ ഉണ്ടാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഇയ്യോബിന്റെ പുസ്തകം

ഫഹദ് അവതരിപ്പിച്ച ഏറ്റവും മാസ് കഥാപാത്രമേതാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ പറയുന്ന കഥാപാത്രമായിരിക്കും ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി. ലുക്കിലും ഡയലോഗിലും ആക്ഷന്‍ രംഗങ്ങളിലും ഫഹദിന്റെ സ്വാഗ് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ചിത്രമാണ് അമല്‍ നീരദിന്റെ സംവിധാനത്തിലെത്തിയ ഇയ്യോബിന്റെ പുസ്തകം.

നോര്‍ത്ത് 24 കാതം

പ്രേക്ഷകരെ ഒരുപോലെ വിസ്മയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ് നോര്‍ത്ത് 24 കാതത്തിലെ ഹരി. വിചിത്രമായ ചിട്ടകളുള്ള, അരസികനായ, സ്വാര്‍ത്ഥനായ ഹരിയായി അടിമുടി മാറിയ ഫഹദിനെ തേടി ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും എത്തി. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നെടുമുടി വേണുവും സ്വാതി റെഡ്ഡിയുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മാലിക്

2020 ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേളയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ട കഥാപാത്രമായിരുന്നു മാലിക്കിലെ അലിയിക്ക. യുവാവായും വൃദ്ധനായും വെള്ളിത്തിരയിലെത്തിയ ഫഹദിന്റെ അലി നേരിയ വ്യത്യാസത്തിലാണ് പുരസ്‌കാരത്തില്‍ നിന്നും തെന്നിമാറിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയനായിരുന്നു നായിക.

ട്രാന്‍സ്

അക്ഷരാര്‍ത്ഥത്തില്‍ ഫഹദിന്റെ അഴിഞ്ഞാട്ടം, അതായിരുന്നു ട്രാന്‍സ്. ഉപജീവനത്തിനായി മോട്ടിവേഷണല്‍ സ്പീക്കറായി ജോലി ചെയ്യുന്ന വിജുവില്‍ നിന്നും രണ്ടാം പകുതിയിലെ പാസ്റ്റര്‍ ജോഷ്വയിലേക്കുള്ള ഫഹദിന്റെ ട്രോന്‍സഫര്‍മേഷന്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ഹൈ എനര്‍ജി വേണ്ടിയിരുന്ന ഈ കഥാപാത്രത്തിനായി വലിയ ശാരീരിക അധ്വാനം തന്നെയായിരുന്നു ഫഹദ് നടത്തിയത്. ശാരീരികമായി ഏറ്റവുമധികം പരിശ്രമം നടത്തിയ കഥാപാത്രമായിരുന്നു ട്രാന്‍സിലെ ജോഷ്വ എന്നാണ് ഫഹദ് തന്നെ പറഞ്ഞിട്ടുള്ളത്.

Content Highlight: Six different characters in Fahadh faasil’s career

We use cookies to give you the best possible experience. Learn more