| Thursday, 9th August 2018, 7:59 am

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് അഞ്ച്‌ മരണം: വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. മഴക്കെടുതിയില്‍ അഞ്ച്‌
മരണങ്ങള്‍ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും, ഒപ്പം തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലും കനത്ത മഴ തുടരുകയാണ്.

മഴക്കെടുതി വലയ്ക്കുന്ന വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏഴിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്.

നിലമ്പൂരില്‍ മണ്ണിടിച്ചിലില്‍ ആറു പേരെ കാണാതാവുകയും ഒരാളുടെ മൃതദേഹം ലഭിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് വൈത്തിരിയില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കി കഞ്ഞിക്കുഴി പെരിയാന്‍ വാലിയില്‍ കുടക്കുന്നേല്‍ അഗസ്റ്റിന്‍ ഭാര്യ ഏലിക്കുട്ടി എന്നിവരും ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അടിമാലിയില്‍ മണ്ണിടിഞ്ഞു കാണാതായ ഫാത്തിമയുടെ മൃതദേഹവും ലഭിച്ചു.

Also Read: കനത്തമഴ: വിവിധ ജില്ലകളിലും താലൂക്കുകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു. ചുരത്തിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മലയോര പ്രദേശങ്ങളായ പുതുപ്പാടി, കണ്ണപ്പന്‍ കുണ്ട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. കണ്ണപ്പന്‍ കുണ്ടില്‍ ഉരുള്‍പൊട്ടി കാണാതായ റിജിലിനായുള്ള തെരച്ചില്‍ തുടരുകയാണ്.

കുറ്റ്യാടി ചുരത്തിലും ഗതാഗത തടസ്സമുണ്ട്. ജില്ലയിലെ പശുക്കടവിലും ഇലന്തിക്കടവിലും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആറളം, മുടിക്കയം, വഞ്ചിയം, മാട്ടറ, പേരട്ട എന്നിവടങ്ങളിലും ഉരുള്‍പൊട്ടി. മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വയനാട് ജില്ലയില്‍ എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചുരത്തില്‍ മണ്ണിടിച്ചിലുണ്ടാവുകയും മഴ കനക്കുകയും ചെയ്തതോടെ വയനാട് ജില്ല ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more