ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈക്കൂലി നല്‍കിയതിനെതിരെ യു.പിയിലെ ചൗണ്ഡലി മണ്ഡലത്തിലെ ജാവന്‍പൂര്‍ ഗ്രാമവാസികളായ ആറ് ദളിതര്‍. അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇവരുടെ വീട്ടിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ 500 രൂപ നല്‍കുകയും കയ്യില്‍ ബലം പ്രയോഗിച്ച് നീലമഷി പുരട്ടുകയും ചെയ്ത സംഭവം വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഞങ്ങളുടെ പണം തിരിച്ചെടുക്കൂ. ഞങ്ങള്‍ വോട്ടു വില്‍ക്കില്ല’ എന്നാണ് 64കാരനായ പനാരൂ റാം പറഞ്ഞത്. താമര പാര്‍ട്ടിയുടെ അണികള്‍ എന്നു പറഞ്ഞ് ഒരു സംഘം തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
മെയ് 19ന് ഇവര്‍ ആറുപേരും വോട്ടു ചെയ്യാനായി പോയി. ഇവരുടെ ഇടതുകയ്യിലെ വിരലിലാണ് മഷി പുരട്ടിയത്. ‘ വലതു കയ്യിലെ മഷി ഡൂപ്ലിക്കേറ്റും, ഇടതു കൈയ്യിലേത് ഒറിജിനലുമാണ്.’ റാമിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
മെയ് 18ന് ഇവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തിവാരിയേയും അദ്ദേഹത്തിന്റെ സഹായികളേയും അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് ചണ്ഡൗളി എസ്.പി സന്തോഷ് കുമാര്‍ സിങ് പറയുന്നത്.
മെയ് 18ന് രാത്രി ഒമ്പതു മണിക്കാണ് തിവാരിയും സംഘവും ദളിത് തെരുവില്‍ എത്തിയത്. ‘ഞങ്ങള്‍ കിടക്കാന്‍ പോകുകയായിരുന്നു. ഇഷ്ടിക കളത്തില്‍ ജോലി ചെയ്യുന്ന എന്റെ ഭര്‍ത്താവ് ബന്‍സീന്ദര്‍ റാം വീട്ടിലുണ്ടായിരുന്നു. തിവാരി രണ്ട് അഞ്ഞൂറു രൂപ നോട്ടുകള്‍ നിലത്തെറിഞ്ഞ് അതില്‍ നിന്നും ഓരോന്ന് എടുത്ത് ഞങ്ങളുടെ കയ്യില്‍ വെച്ചു തന്നു. പിന്നീട് ഓരോരുത്തരായി ഞങ്ങളുടെ കയ്യില്‍ മഷി പുരട്ടുകയും ചെയ്തു. എന്താണ് കാര്യമെന്ന് ഞങ്ങള്‍ക്ക് മനസിലായില്ലായിരുന്നു.’ എന്നാണ് സംഭവത്തെക്കുറിച്ച് റാമിന്റെ മകന്റെ ഭാര്യ ഗീതാ ദേവി പറയുന്നത്.
കാര്യം മനസിലായതോടെ രാത്രി പത്തുമണിക്കു തന്നെ തങ്ങള്‍ പ്രതിഷേധിച്ചുകൊണ്ട് ഒത്തുകൂടിയെന്നും അവര്‍ പറയുന്നു. പൊലീസിനെ കാര്യം അറിയിച്ചെങ്കിലും അവര്‍ ആദ്യം ഇത് അവഗണിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ എത്തിയതോടെ പൊലീസും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നെന്നും അവര്‍ പറഞ്ഞു.